വിദേശത്തേക്ക് തൊഴിൽ വാഗ്ദാനം നൽകി പണം തട്ടിയ നിരവധി കേസുകളിലെ പ്രതിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂരാച്ചുണ്ട് പുതുപ്പറമ്പിൽ ആൽബിൻ.പി.ജയിംസ് (38) ആണ് പൊലീസിന്റെ പിടിയിലായത്.
ജർമനി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഇരുപത്തഞ്ചോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളിൽ അന്വേഷണം സജീവമായി പുരോഗമിക്കുന്നതിനിടെ ഒളിവിൽ പോയ പ്രതിയെ, പെരുമ്പാവൂർ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടാൻ സാധിച്ചത്.
അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോയെന്നും, ഈ കുറ്റകൃത്യത്തിന് പിന്നിൽ മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടാനുള്ള അന്വേഷണ സംഘം പ്രവർത്തിച്ചത്. പെരുമ്പാവൂർ എസ്എച്ച്ഒ അക്ഷയ് കുമാർ, എസ്ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ അർജുൻ, എഎസ്ഐമാരായ എം.ബി.സുബൈർ, കെ.കെ.ശ്രീജ, സിപിഒ എം.എം.ഷഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

