സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് തമിഴ്നാട് റേഷൻ അരി കടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു റൈസ് മില്ലിൽ നടത്തിയ സംയുക്ത പരിശോധനയിൽ 20.6 ടൺ അനധികൃത അരി പിടികൂടി.
വാളയാർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികളിൽ പങ്കാളികളായി.
അലാവൂദിന്റെ ഉടമസ്ഥതയിലുള്ള എബിആർ മോഡേൺ റൈസ് മില്ലിലാണ് വൻതോതിൽ അരി ശേഖരിച്ചതായി കണ്ടെത്തിയത്. ഉച്ചയ്ക്ക് തുടങ്ങിയ പരിശോധന രാത്രിയോടെയാണ് പൂർത്തിയായത്.
തമിഴ്നാട്ടിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന റേഷൻ അരി, മില്ലിലെത്തിച്ച് പോളിഷ് ചെയ്ത ശേഷം പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ചാക്കുകളിലേക്ക് മാറ്റി വിപണിയിൽ എത്തിക്കുകയായിരുന്നു പതിവ്. പരിശോധനയ്ക്കിടെ വിപണിയിലെ വിവിധ പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒരു കിലോയ്ക്ക് 1 മുതൽ 5 രൂപ വരെ മാത്രം വില നൽകി വാങ്ങുന്ന റേഷൻ അരി, പോളിഷ് ചെയ്ത ശേഷം 50 മുതൽ 60 രൂപ വരെ ഈടാക്കിയാണ് വിപണിയിൽ വിറ്റഴിച്ചിരുന്നത്. ഈ സംഘം വലിയ തോതിലുള്ള സാമ്പത്തിക നേട്ടമാണ് ഇത്തരത്തിൽ ഉണ്ടാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പിടിച്ചെടുത്ത അരിയും മറ്റ് അനുബന്ധ രേഖകളും തുടർനടപടികൾക്കായി താലൂക്ക് സപ്ലൈ ഓഫിസർക്ക് കൈമാറി. ഈ ഓപ്പറേഷന് എസ്ഐ വി.
ഹേമലത, താലൂക്ക് സപ്ലൈ ഓഫിസർ ഡി.ആർ. കവിത, എടിഎസ്ഒ ആർ.
സനിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. സുമ, വി.
കലാധരൻ, കെ.ഐ. സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.
അതിർത്തി മേഖലകളിൽ റേഷൻ അരി കടത്തുന്നതും അനധികൃതമായി സംഭരിക്കുന്നതും തടയുന്നതിനായി വരും ദിവസങ്ങളിലും കർശനമായ നിയമനടപടികൾ തുടരുമെന്ന് വാളയാർ എസ്ഐ വി. ഹേമലത വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

