വാളയാർ ∙ എഐ കാലത്താണു തിരഞ്ഞെടുപ്പെങ്കിലും പേരും ചിഹ്നവും വോട്ടറുടെ ഹൃദയത്തിൽ പതിയാൻ ഇപ്പോഴും ചുമരെഴുത്തുകൾ വേണം. പൊടിയും പായലും പിടിച്ചുകിടന്ന നാട്ടിലെ മതിലുകളെല്ലാം തിരഞ്ഞെടുപ്പായതോടെ വെള്ളച്ചായത്തിൽ കുളിച്ചൊരുങ്ങി, ‘ബുക്ക്ഡ്’ എന്നു തലയിലെഴുതി റെഡിയായി നിൽപാണ്.
പോസ്റ്ററുകളെക്കാൾ ആകർഷകമായതിനാലാണ് സ്ഥാനാർഥികൾ ഇപ്പോഴും ചുമരെഴുത്തിനു പ്രാധാന്യം നൽകുന്നതെന്നാണു 40 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മേപ്പറമ്പ് കാളാമ്പുഴ സ്വദേശി സി.ജയകുമാറിന്റെ പക്ഷം.
30 മീറ്റർ നീളത്തിലുള്ള മതിലിലാണു കഴിഞ്ഞ ദിവസം എഴുതിയത്. ഇത്രയും വലിപ്പമുള്ള ഫ്ലെക്സോ ഹോർഡിങ്സോ ഒന്നും കിട്ടില്ലല്ലോ? ‘മതിൽ ബുക്ക് ചെയ്തു വെള്ളയടിക്കേണ്ടതു രാഷ്ട്രീയക്കാരുടെ ചുമതലയാണ്.
പെയിന്റ് എഴുത്തുകാർ വാങ്ങണം. നീലത്തിൽ മുക്കിയ നൂലുകൊണ്ട് ബോർഡർ വരയ്ക്കും.
അതിനുള്ളിലാണു എഴുത്ത്. സിപിഎം പ്രവർത്തകനാണെങ്കിലും നാട്ടിൽ കുമാരേട്ടൻ എന്നറിയപ്പെടുന്ന ജയകുമാർ എല്ലാ പാർട്ടിക്കാർക്കു വേണ്ടിയും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.
വലിയ തിരക്കേറിയ ദിവസങ്ങളാണ് ഇവർക്കു തിരഞ്ഞെടുപ്പുകാലം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രാദേശികനേതാക്കളുടെ രാഷ്ട്രീയ ചുമതല പ്രധാനമായും രണ്ടാണ്. വോട്ടർപട്ടികയിൽ പേരു ചേർക്കലും ചുമരെഴുതാനുള്ള മതിൽ ബുക്ക് ചെയ്യലും.
ഇതിനായുള്ള നെട്ടോട്ടത്തിലാണു പലരും. ചിഹ്നവും വാർഡിന്റെ പേരുമെഴുതിയാണ് പലയിടത്തും ചുമരുകൾ ബുക്ക് ചെയ്യാറ്. സ്ഥാനാർഥികളുടെ പ്രഖ്യാപനമെത്തുന്നതോടെ ചുമരിൽ ഇവരുടെ ചിത്രങ്ങളും പേരും തെളിയും.
വീടുകൾക്ക് പെയിന്റടിക്കാൻ ഉപയോഗിക്കുന്ന എമൾഷനാണു ചുമരെഴുത്തിന് ഉപയോഗിക്കുന്നത്.
അരികുകളിൽ ഫ്ലൂറസന്റ് പെയിന്റും ഉപയോഗിക്കുന്നതോടെ എഴുത്ത് രാത്രിയും തിളങ്ങും. മതിലിൽ ചേർത്തു വച്ച് പെയിന്റടിച്ചാൽ ചിഹ്നം തെളിയുന്ന സ്റ്റെൻസിലുകൾ വിപണിയിലുണ്ടെങ്കിലും ചുമരെഴുത്തുകാർ അതുപയോഗിക്കുന്നില്ല.
സ്ഥാനാർഥികളുടെ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ചിത്രം മതിലിൽ ഒട്ടിച്ചു ചുറ്റും ചായമടിച്ചു പെയിന്റിങ് ആണെന്ന ഫീൽ ഉണ്ടാക്കി ചുമരെഴുതുന്നവരുണ്ട്. ഫ്ലെക്സ് വന്നതോടെ ചുമരെഴുത്തുകളുടെ കാലം കഴിഞ്ഞെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ ചുമരെഴുതുന്നവർക്ക് ഇപ്പോഴും ജോലിയുണ്ട്. അവസരങ്ങൾ അൽപം കുറഞ്ഞെന്നു മാത്രം.
എഐ കാലത്തും ഇതിനു മാറ്റമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

