പാലക്കാട് ∙ വഴിയോരക്കച്ചവടക്കാർക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതിയിൽ നൽകുന്ന ഈടില്ലാത്ത വായ്പയ്ക്കൊപ്പം ഈ വർഷം മുതൽ ക്രെഡിറ്റ് കാർഡും നൽകും. വായ്പ തുകയും വർധിപ്പിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും വഴിയോരക്കച്ചവടം വഴി ഉപജീവനം നടത്തുന്നവർക്കാണ് വായ്പയ്ക്കൊപ്പം ക്രെഡിറ്റ് കാർഡ് ലഭിക്കുക.
2016ലെ വഴിയോരക്കച്ചവട സാമൂഹിക സുരക്ഷാ നിയമമനുസരിച്ചുള്ള ഏതു കച്ചവടത്തിനും പൊതുമേഖല ബാങ്കുകൾ മുഖേനയാണു വായ്പ നൽകുന്നത്.
നിലവിലുള്ള 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു.
മൂന്നാം ഘട്ടത്തിൽ അരലക്ഷമാണ് വായ്പ. ഈ തുക വർധിപ്പിക്കുന്നത് പരിഗണനയിലാണ്.
ഓരോ ഘട്ടത്തിലും തുക കൃത്യമായി തിരിച്ചടക്കുന്നവർക്കു മാത്രമാണ് അടുത്ത ഘട്ടത്തിനു യോഗ്യത.
തിരിച്ചടവ് മുടക്കുന്നവർ പദ്ധതിയിൽ നിന്നു പുറത്താകും. ആദ്യ വായ്പയ്ക്ക് 12 മാസമാണു തിരിച്ചടവു കാലാവധി.
രണ്ടാമത്തേതിന് 18 മാസം, മൂന്നാമത്തേതിന് 36 മാസം. 7 ശതമാനമാണു പലിശ.
ആദ്യ വായ്പയ്ക്കൊപ്പം 10,000, രണ്ടാം ഘട്ടത്തിൽ 20,000, മൂന്നാം ഘട്ടത്തിൽ 30,000 രൂപ വീതം പരിധിയുള്ള ക്രെഡിറ്റ് കാർഡ് നൽകാനാണു കേന്ദ്രതീരുമാനം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
മിക്കപ്പോഴും കച്ചവടത്തിനാവശ്യമായ ചെറിയ തുകയ്ക്കു പോലും കച്ചവടക്കാർ വൻ പലിശ നൽകി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കാറ്.
വഴിയോരക്കച്ചവടക്കാരെന്നു തെളിയിക്കാൻ അതത് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്ക്കുള്ള അടിസ്ഥാന രേഖ.
ബന്ധപ്പെട്ട തദ്ദേശസ്ഥാപനം മുഖേന അപേക്ഷിക്കണം.
വായ്പ തുക കച്ചവടത്തിനു മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗുണഭോക്താക്കൾക്കിടയിൽ സജീവ ഇടപെടൽ നടത്തുന്നതായി സ്വതന്ത്ര സംഘടനയായ സ്ട്രീറ്റ് വെൻഡേഴ്സ് സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എം.കബീർ പറഞ്ഞു. കേരളത്തിൽ പഞ്ചായത്തുകളിലും സ്വനിധി നടപ്പാക്കണമെന്നാണ് മേഖലയിലെ സംഘടനകളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

