ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ചരിത്രമെഴുതി. ഏകദിന ക്രിക്കറ്റില്‍ രണ്ട് ഇരട്ട
സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡാണ് 27 കാരനായ ഗില്‍ സ്വന്തമാക്കിയത്. 2023 ജനുവരിയില്‍ ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഗില്ലിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ട
സെഞ്ച്വറി. ഇപ്പോള്‍ വിന്‍ഡീസിനെതിരെ അതേ നേട്ടം താരം ആവര്‍ത്തിച്ചിരിക്കുകയാണ്.
ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ്മ മാത്രമാണ് നിലവില്‍ ഈ പട്ടികയില്‍ ഗില്ലിന് മുന്നിലുള്ളത്.
ശ്രീലങ്കയ്ക്കെതിരെ രണ്ടും ഓസ്ട്രേലിയക്കെതിരെ ഒന്നും ഇരട്ട സെഞ്ചുറികളാണ് രോഹിത് നേടിയിട്ടുള്ളത്.
നിലവിലെ മികച്ച ഫോം തുടരുകയാണെങ്കില്‍ രോഹിത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താനോ മറികടക്കാനോ ഗില്ലിന് സാധിച്ചേക്കും. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട
സെഞ്ചുറി പൂര്‍ത്തിയാക്കുന്ന താരമാകാനും ഗില്ലിന് സാധിച്ചു. എട്ട് സിക്സും 26 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്.
117 പന്തിലാണ് ഗില്‍ ഇരട്ട സെഞ്ചുറി നേടിയത്.
2022ല്‍ ബംഗ്ലാദേശിനെതിരെ 126 പന്തില്‍ ഡബ്ബിള്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ തന്നെ ഇഷാന് കിഷനെയാണ് ഗില്‍ പിന്തള്ളിയത്. ഗ്ലെന്‍ മാക്സ്വെല് (128 പന്തുകള്‍), പതും നിസ്സങ്ക (136), ക്രിസ് ഗെയ്ല് (138) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നേരത്തെ രോഹിത്തിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 255 റണ്‍സ് ചേര്‍ക്കാനും ഗില്ലിന് സാധിച്ചിരുന്നു. രോഹിത് 101 റണ്‍സെടുത്ത് പുറത്തായി.
രോഹിത് പുറത്തായ ശേഷം വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് 35 പന്തില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടും ഗില്‍ പടുത്തുയര്പ്പിച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തില്‍ ഇറങ്ങിയ കോലി 19 പന്തില്‍ 29 റണ്‍സെടുത്ത് മടങ്ങി.
തുടര്‍ന്ന് റുതുരാജ് ഗെയ്കവാദിനെ (37 പന്തില്‍ 31) കൂട്ടുപിടിച്ച് ഗില്‍ ഇന്ത്യ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. 406 റണ്‍സ് വിജയലക്ഷ്യം 43.3 ഓവറിലാണ് ഇന്ത്യ മറികടന്നത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നേരത്തെ അമീര്‍ ജാംഗൂ (114), ജോണ്‍ കാംപെല്‍ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിന്‍ഡീസ് 400 റണ്‍സ് നേടുന്നത്. ഏഴ് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

