പട്ടാമ്പി ∙ എംഇഎസ് ആവശ്യപ്പെട്ടതു പ്രകാരം കാൽനട വഴി തുറക്കാൻ റെയിൽവേ അനുമതി നൽകി.
പട്ടാമ്പി റെയിൽവേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തെ റെയിൽവേ കമാനത്തിനടിയിലെ വർഷങ്ങളായി അടഞ്ഞ് കിടന്നിരുന്ന വഴിയാണ് പട്ടാമ്പി എംഇഎസ് സ്കൂൾ മാനേജ്മെന്റിന്റെ ഇടപെടലിലൂടെ കാൽനടയാത്രയ്ക്ക് ഉപയോഗിക്കാൻ റെയിൽവേ അനുമതി നൽകിയത്. ഉപയോഗശൂന്യമായി കിടക്കുന്ന വഴി ഉപയോഗിക്കാൻ അനുമതി തരണമെന്നാണ് എംഇഎസ് സ്കൂൾ മാനേജ്മെന്റ് റെയിൽവേയോട് ആവശ്യപ്പെട്ടത്. മുൻപ് ബൈക്കുകൾ അടക്കമുള്ള ചെറുവാഹനങ്ങൾ കടന്നുപോയിരുന്ന വഴിയാണിത്.
റെയിൽവേയുടെ കണക്കിൽ മഴക്കാലത്ത് വെള്ളം ഒഴിഞ്ഞ് പോകാനുള്ള ഓവുപാലമാണിത്.
ഇതിനടിയിലൂടെ ചെറുവാഹനങ്ങളും വഴിയാത്രക്കാരും പ്രയാസപ്പെട്ട് പോകുന്നത് ഒഴിവാക്കാനാണ് നഗരസഭ ഇടപെട്ട് നടവഴി കോൺക്രീറ്റ് ചെയ്തത്. കമാനത്തിനടിയിൽ റെയിൽവേയുടെ അനുമതിയില്ലാതെ കോൺക്രീറ്റ് ചെയ്ത നടപടി ഇഷ്ടപ്പെടാത്ത റെയിൽവേ വഴി അടയ്ക്കുകയായിരുന്നു. കോൺക്രീറ്റ് നിർമാണങ്ങളെല്ലാം തകർത്താണ് വർഷങ്ങൾക്ക് മുൻപ് റെയിൽവേ വഴി പൂർണമായും അടച്ചത്.വർഷങ്ങളായി അടഞ്ഞ് കിടന്നിരുന്ന വഴി എംഇഎസ് ആവശ്യത്തെത്തുടർന്ന് കാൽനട
വഴിയായി മാത്രം ഉപയോഗിക്കാൻ റെയിൽവേ അനുമതി നൽകുകയായിരുന്നു.
വെള്ളം ഒഴുകുന്നതിന് തടസ്സമില്ലാതെ കനത്തിലുളള ഇരുമ്പ് പാളികൾ സ്ഥാപിച്ച് ലക്ഷങ്ങൾ മുടക്കി എംഇഎസ് സ്വന്തം ചെലവിലാണ് കമാനത്തിനടി ഭാഗത്തെ വഴി വഴിയാത്രക്കാർക്ക് വഴിനടക്കാൻ പാകത്തിൽ നവീകരിച്ചത്. ബൈക്കുകൾ കടന്ന് പോകുന്നത് ഒഴിവാക്കാൻ ആവശ്യമായ കുറ്റികൾ സ്ഥാപിച്ച് വഴി നടക്കാൻ മാത്രം പാകത്തിലാണ് നടപ്പാത നിർമിച്ചിരിക്കുന്നത്.
നടപ്പാത വന്നതോടെ പട്ടാമ്പി പള്ളിപ്പുറം റോഡിൽനിന്നു റെയിലിന് അടിയിലൂടെ എംഇഎസ് സ്കൂൾ ഭാഗത്തേക്ക് എത്താനും തിരിച്ചുപോകാനും കഴിയും. എംഇഎസ് സ്കൂളിനു പുറമേ പ്രദേശത്തെ നൂറു കണക്കിന് വഴിയാത്രക്കാർക്കും ഈ വഴി ഉപയോഗിക്കാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

