തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പലപ്പോഴായി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ മുഴുവൻ നിലച്ചു. രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കൊണ്ടു വന്ന ഓൺലൈൻ ഒപിയും വിവിധ പരിശോധന ഫലങ്ങൾ ഓൺലൈനിൽ ലഭിക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ആശുപത്രിയിൽ പുത്തൻ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ തടസ്സം.
ലാബ് പരിശോധന ഫലങ്ങളും സിടി, എംആർഐ തുടങ്ങിയവയുടെ ഫലം ലഭിക്കാനും ദിവസങ്ങൾ കാത്തിരിക്കണം. സ്വകാര്യ ലാബുകളിലും സ്കാനിങ് സെന്ററുകളിലും മണിക്കൂറുകൾക്ക് ഉള്ളിൽ ഇവ ലഭിക്കുമ്പോഴാണ് മെഡിക്കൽ കോളജിൽ ഇതിനായി കാത്തിരിക്കേണ്ടി വരുന്നത്.
സ്കാനിങ് എടുക്കാൻ കാത്തിരിപ്പ്
വിവിധ വകുപ്പുകളിൽ ശസ്ത്രക്രിയയ്ക്കായി ഊഴം കാത്ത് ആഴ്ചകളും മാസങ്ങളും കാത്തിരിക്കുന്നത് പോലെ സ്കാനിങ്ങിനും അവസരം നോക്കിയിരിക്കണം.
സിടി സ്കാൻ ആശുപത്രിക്ക് ഉള്ളിൽ നിന്ന് എടുക്കാനായി തീയതി കുറിച്ച് നൽകുകയാണ് പതിവ്. ഇത് ആഴ്ചകൾ കഴിഞ്ഞുള്ള തീയതി ആയിരിക്കും.
അതിന്റെ ഫലം ലഭിച്ചതിന് ശേഷം മാത്രമേ രോഗിക്ക് കൃത്യമായ ചികിത്സ നൽകി തുടങ്ങാൻ സാധിക്കൂ. ചുരുക്കത്തിൽ സ്കാനിങ് ഫലങ്ങൾ വൈകുന്നതിനാൽ തുടർ ചികിത്സയ്ക്കായും കാത്തിരിക്കണം.
സിടി, എംആർഐ, അൾട്രാസൗണ്ട് തുടങ്ങിയവയ്ക്ക് എല്ലാം ഇതാണ് സ്ഥിതി. സാധാരണക്കാർക്ക് മാത്രമാണ് ഇത് ബാധകം.
ആശുപത്രി ജീവനക്കാരുടെ പരിചയക്കാർക്കും ഉന്നത ബന്ധങ്ങൾ ഉള്ളവർക്കും സ്കാനിങ് മണിക്കൂറുകൾക്ക് ഉള്ളിൽ ലഭിക്കും. സിടി, എംആർഐ, അൾട്രാസൗണ്ട് തുടങ്ങിയവ എല്ലാം ചേർത്തുള്ള വലിയ സ്കാനിങ് സെന്റർ ആരംഭിക്കുമെന്നു സർക്കാർ പറഞ്ഞിട്ട് വർഷങ്ങളായെങ്കിലും പദ്ധതി ഇപ്പോഴും ചുവപ്പു നാടയിലാണ്.
മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്നു പറഞ്ഞുവെങ്കിലും അതും ഇഴഞ്ഞ് നീങ്ങുന്നു.
വിവിധ സ്കാനിങ് ഫലങ്ങൾ ലഭിക്കാൻ ആഴ്ചകളും മാസങ്ങളും വേണ്ടി വരുമെന്നതിനാൽ ഇത് മുതലെടുത്ത് ആശുപത്രിയിൽ നിന്ന് തന്നെ സമീപത്തെ വൻകിട സെന്ററുകളിലേക്ക് രോഗികളെ അയയ്ക്കുന്നത് പതിവാണ്.
ആശുപത്രിയിൽ ഉള്ളവർ ബെനാമികളെ ഉപയോഗിച്ച് നടത്തുന്ന സെന്ററുകളും സജീവമാണ്.
താൽക്കാലിക ജോലിക്ക് പാർട്ടിക്കാർ
ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരായി കയറിയവരിൽ ഭൂരിപക്ഷവും ഭരണപക്ഷ പാർട്ടിക്കാരും അവരുടെ ബന്ധുക്കളുമാണ്. സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ, ഓഫിസ് ചുമതല ഉള്ളവർ തുടങ്ങി ആശുപത്രിയുടെ സമസ്ത മേഖലകളിലും താൽക്കാലികക്കാരായി കടന്ന് കയറിയിരിക്കുന്നത് പാർട്ടിക്കാരും ബന്ധുക്കളുമാണ്.
തൊഴിൽ എടുക്കുക എന്നതിനെക്കാൾ ആശുപത്രിയിൽ പാർട്ടി പ്രവർത്തനം സജീവമാക്കുന്നതാണ് ഇവരുടെ പ്രധാന ചുമതല.
അതിനാൽ സ്ഥിര ജീവനക്കാരെക്കാൾ അധികാരവും നിയന്ത്രണവും ഇവർക്കാണ്. ഇവർ പരസ്യമായി ഡോക്ടർമാരെ ഉൾപ്പെടെ വിരട്ടുന്നതും വെല്ലുവിളിക്കുന്നതും പതിവാണ്.
പുറത്ത് നിന്നുള്ള പിന്തുണ ഉള്ളതിനാൽ ആരും നേരിട്ട് ഏറ്റുമുട്ടലിന് നിൽക്കാറില്ല.
നശിച്ച് കട്ടിലുകളും ട്രോളികളും
നവീകരണത്തിന്റെ ഭാഗമായി ആശുപത്രി കെട്ടിടങ്ങൾ പൊളിച്ച് നീക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന കട്ടിലുകളിൽ പലതും പുറത്ത് കിടന്ന് നശിച്ചു. പഴയ അത്യാഹിത വിഭാഗത്തിനു മുന്നിലും ഓങ്കോളജി വിഭാഗത്തിന് സമീപത്തും ഒക്കെ ഒട്ടേറെ കട്ടിലുകളും കസേരകളും തുരുമ്പിച്ച് നാമാവശേഷമായി കിടപ്പുണ്ട്.
കട്ടിലുകളും ട്രോളികളും കസേരകളും മുഴുവൻ ഇലക്ട്രിക്കൽ വിഭാഗം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതായാണ് അധികൃതരുടെ അവകാശവാദം.
എന്നാൽ മാസങ്ങളായി ആശുപത്രിയുടെ പലയിടങ്ങളിലും കട്ടിലുകളും കസേരകളും നാശമായി കിടപ്പുണ്ട്. രോഗികൾ തറയിലും വരാന്തയിലും ആയി കിടക്കുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥയുള്ളത്.
അവധി ദിനങ്ങളിൽ പ്രവർത്തനമില്ലാതെ ‘കാത്ത് ഓഫിസ് ’
പേ വാർഡിൽ കിടക്കുന്ന രോഗികൾ വെള്ളിയാഴ്ചകളിൽ ഡിസ്ചാർജ് ആയാൽ 2 ദിവസം കൂടി പണം നൽകി ഇവിടെ കഴിയേണ്ടി വരും.
പേ വാർഡിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും ഡിസ്ചാർജ് ആയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകാൻ കാത്ത് ഓഫിസിനെ ആശ്രയിക്കണം.
ശനി, ഞായർ ദിവസങ്ങളിൽ കാത്ത് ഓഫിസ് പ്രവർത്തിക്കാറില്ല. അതിനാൽ രണ്ടു ദിവസം വാടക നൽകി പേവാർഡിൽ കഴിയേണ്ടി വരും.
കാത്ത് ഓഫിസ് അവധി ദിനങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്നു രോഗികൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

