മുതലമട ∙ ഗൾഫ് രാജ്യങ്ങളിലെ യുദ്ധ സാഹചര്യം കയറ്റുമതിയെ ബാധിച്ചിട്ടും ഇത്തവണയും മുതലമട
മാങ്ങ വിപണിയിൽ അറുനൂറോളം കോടി രൂപയുടെ വിറ്റുവരവ് നേടി. അനുകൂല കാലാവസ്ഥ, മികച്ച ഉൽപാദനം, സീസൺ മുഴുവൻ ലഭിച്ച ഉയർന്ന വില എന്നിവയാണ് ഇത്തവണത്തെ നേട്ടത്തിന് അടിസ്ഥാനം.
അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സീസണിന്റെ പാതിയിൽ കുറഞ്ഞെങ്കിലും മുംബൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന വിപണികളിൽ മുതലമട മാങ്ങയ്ക്ക് ആവശ്യക്കാർ വർധിച്ചു.
ഇതോടെ ഗൾഫ് വിപണിയിലെ തിരിച്ചടി ആഭ്യന്തര വിപണി നികത്തി.
യുദ്ധ സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിൽ വിറ്റുവരവ് കൂടുതൽ ഉയരുമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാങ്ങ സീസണിൽ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറോളം മാങ്ങ ഷെഡുകളാണു മുതലമടയിൽ പ്രവർത്തിച്ചത്.
ഇതിൽ 5 മുതൽ 8 വരെ കേന്ദ്രങ്ങളിൽ മാത്രം 50 മുതൽ 60 കോടി രൂപയുടെ കച്ചവടം നടന്നു. 8 മുതൽ 15 കോടി രൂപയുടെ വ്യാപാരം നടത്തിയ 12-15 കേന്ദ്രങ്ങളുമുണ്ട്.
കൂടാതെ 5 മുതൽ 8 കോടി രൂപ വരെ വിറ്റുവരവ് നേടിയ മുപ്പതോളം സംഭരണ- വിപണന കേന്ദ്രങ്ങളും മുതലമടയിലുണ്ടായി.
അഹമ്മദാബാദ് സ്വദേശിയുടെ വിപണന കേന്ദ്രത്തിലും വലിയ വിറ്റുവരവാണ് ഈ സീസണിൽ ലഭിച്ചത്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവയ്ക്കൊപ്പം അറേബ്യൻ രാജ്യങ്ങളും മുൻവർഷങ്ങളിൽ മുതലമട
മാങ്ങയുടെ പ്രധാന വിപണികളായിരുന്നു. ഇത്തവണ ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ വിപണി ക്ഷീണിച്ചെങ്കിലും ആഭ്യന്തര വിപണിയിലെ സ്ഥിരമായ ആവശ്യകത കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമായി.
അതുകൊണ്ടാണു കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 600 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായത്.
മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമട പഞ്ചായത്തുമായി ബന്ധപ്പെട്ടു മാത്രം രണ്ടായിരത്തിലധികം കർഷകരും നൂറുകണക്കിനു വ്യാപാരികളും തൊഴിലാളികളും മാവു കൃഷിയെയും മാങ്ങ വ്യാപാരത്തെയും ആശ്രയിച്ചാണു ജീവിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

