അഗളി ∙ അട്ടപ്പാടിയിലെ ആദിവാസിഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടറിയാൻ ജില്ലാ കലക്ടർ മൂലഗംഗലിലെത്തി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എം.ജി.രാജമാണിക്യം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന, വനാവകാശനിയമം ബാധകമായ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണു കലക്ടർ എം.എസ്.മാധവിക്കുട്ടി സന്ദർശിച്ചത്. ഭൂമി കയ്യേറ്റത്തെക്കുറിച്ചു പരാതിപ്പെട്ടിരുന്ന ആദിവാസി സ്ത്രീകളോടും റവന്യു, ഐടിഡിപി ഉദ്യോഗസ്ഥരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.ആദ്യം മൂലഗംഗലിലും പിന്നീട് വെള്ളകുളത്തും വെച്ചപ്പതിയിലും ആദിവാസികളുടെ പരാതിയിൽ പറയുന്ന സ്ഥലങ്ങൾ കണ്ടു.
തുടർന്ന് നല്ലശിങ്ക അധ്വാനപ്പെട്ടിയിലെ 1275, 1819 സർവേ നമ്പറുകളിലെ നിർമാണപ്രവർത്തനങ്ങൾ വീക്ഷിച്ചു.
വനം ഉൾപ്പെടെ സർക്കാർ ഭൂമി അതിർത്തി നിർണയിച്ചു ബോർഡുകൾ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ആദിവാസികളുടെ ഭൂമി ഉടമാവകാശം ഉറപ്പിച്ചു വേലികെട്ടി സംരക്ഷിക്കുന്നതും വന്യമൃഗശല്യമുള്ള മേഖലയിൽ കൂട്ടായി കൃഷി ചെയ്യുന്നതും ഐടിഡിപി പരിഗണിക്കണം.കഴിഞ്ഞ 31നു രാത്രി മൂലഗംഗൽ ആദിവാസി ഉന്നതിക്കടുത്തു വാഹനങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിച്ചു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആദിവാസി സ്ത്രീകളുടെ പരാതിയിൽ കലക്ടർ ഉടൻ ഇടപെട്ടിരുന്നു.
രാത്രി തന്നെ ഷോളയൂർ പൊലീസ് സ്ഥലത്തെത്തി പ്രവൃത്തികൾ നിർത്തിവയ്പിച്ചു.
കഴിഞ്ഞ ദിവസം അട്ടപ്പാടി തഹസിൽദാർ ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ ചർച്ചയിൽ കോടതിയിലെ കേസിൽ തീരുമാനമാകുന്നതു വരെ പ്രവൃത്തികൾ നിർത്താനും ആദിവാസികളല്ലാത്തവർ വൈകിട്ട് 5 വരെ മാത്രമേ മേഖലയിൽ തുടരാവൂ എന്നും ധാരണയായി. അട്ടപ്പാടി തഹസിൽദാർ പി.എ.ഷാനവാസ് ഖാൻ, നിയുക്ത തഹസിൽദാർ ടിജോ ടി.ഫ്രാൻസിസ്, ഭൂരേഖ തഹസിൽദാർ അഭിലാഷ്, ഐടിഡിപി ഓഫിസർ കെ.എം.സാദിഖലി, ആദിവാസി സംഘടനാ നേതാക്കളായ എം.സുകുമാരൻ, ടി.ആർ.ചന്ദ്രൻ എന്നിവരുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

