പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ നരസിംഹപുരം ഹൗസിങ് കോളനിയിൽ താമസിക്കുന്ന മനോഹർ ഇരിങ്ങൽ കെ-സ്മാർട്ട് വഴി നൽകിയ പരാതിക്ക് രണ്ടു വർഷത്തിനുശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ വിചിത്ര മറുപടി. വീടിനടുത്തുള്ള പറമ്പിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മെയ് 22, 2024-നാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.
തുടർന്ന് മാസങ്ങളും വർഷങ്ങളും കഴിഞ്ഞശേഷം ഓഗസ്റ്റ് 24, 2026 തീയതി രേഖപ്പെടുത്തിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക മറുപടി പരാതിക്കാരന് തപാൽ മാർഗ്ഗം ലഭിക്കുകയായിരുന്നു. എന്നാൽ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
കത്തിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: ‘തൊഴിലുറപ്പു പദ്ധതിയിൽ മഴക്കാല ശുചീകരണപ്രവൃത്തി എന്ന സേവന അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയാണു പരാതിപ്പെട്ട സ്ഥലത്തു ചെയ്തത്.
എന്നാൽ, സ്ഥലമുടമ തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് വെള്ളക്കെട്ട് പരിഹരിക്കാൻ സമ്മതിക്കാത്തതിനാലാണു നടപടി വൈകിയത്.’ രണ്ടു ദിവസം മുൻപാണ് ഈ കത്ത് തപാലിൽ ലഭിച്ചതെങ്കിലും, മറുപടിയിൽ പറയുന്നതുപോലെ യാതൊരുവിധ നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പരാതി നൽകി കടന്നുപോയ രണ്ടു വർഷത്തിനിടെ പ്രദേശത്ത് പലവട്ടം മഴ പെയ്യുകയും വെള്ളം കെട്ടിനിൽക്കുകയും പിന്നീട് സ്വാഭാവികമായി വറ്റുകയും ചെയ്തു.
ഇതിനിടയിൽ വെള്ളക്കെട്ടുണ്ടായിരുന്ന സ്ഥലത്ത് പുതിയ വീടുകൾ ഉയരുകയും ചെയ്തു. ദേശീയപാതയ്ക്കു സമീപമുള്ള പ്രസ്തുത സ്ഥലം തന്നെ തിരിച്ചറിയാൻ കഴിയാത്തവിധം പൂർണ്ണമായും മാറിപ്പോയിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട മറുപടിക്കത്തു ലഭിച്ച ഉടൻ തന്നെ മനോഹർ ഇരിങ്ങൽ നേരിട്ട് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ടു.
എന്നാൽ കത്ത് അയച്ചതിൽ എന്തെങ്കിലും തെറ്റു സംഭവിച്ചതാകാമെന്നാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

