പാലക്കാട് ∙ ജില്ലയിൽ നെല്ലു സംഭരണത്തിനായി സപ്ലൈകോ പാഡി സ്ലിപ്പുകൾ നൽകിത്തുടങ്ങിയെങ്കിലും നെല്ലെടുപ്പ് എന്ന് ആരംഭിക്കുമെന്നതിൽ അനിശ്ചിതത്വം. നിലവിലെ സാഹചര്യത്തിൽ ആലപ്പുഴയിൽ നിന്നുള്ള നെല്ലെടുപ്പിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.
അവിടെ ഒരു മില്ല് നെല്ലെടുക്കുന്നുണ്ട്. ആലപ്പുഴയിൽ നെല്ലു സൂക്ഷിക്കാൻ സംവിധാനമില്ലാത്ത സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരമാണ് അവിടെ നിന്നുള്ള നെല്ല് ആദ്യം ശേഖരിക്കുന്നത്. ഇതിനു ശേഷമേ പാലക്കാട്ടെ നെല്ലെടുപ്പ് ആരംഭിക്കൂ എന്നാണു സൂചന.
ഇതിനായി കൂടുതൽ മില്ലുകളും കരാർ ഒപ്പിടേണ്ടതുണ്ട്. ഇതിനിടെ നെല്ലു സംഭരിക്കുമെന്ന ഉറപ്പുമായി സപ്ലൈകോ ജില്ലയിൽ പാഡി സ്ലിപ് വിതരണം തുടരുന്നുണ്ട്.
ജില്ലയിൽ ഒന്നാംവിള നെല്ലു സംഭരണം ഇത്രത്തോളം വൈകുന്നത് ആദ്യമായാണ്.
കഴിഞ്ഞവർഷം ജില്ലയിൽ ഒക്ടോബർ 9നു നെല്ലെടുപ്പ് ആരംഭിച്ചിരുന്നു. ഈ വർഷം നവംബർ 4 ആയിട്ടും നെല്ലെടുപ്പ് അനിശ്ചിതത്വത്തിലാണ്. ഇപ്പോഴും സ്തംഭനാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കൃഷിക്കാരിൽ പലരും കിട്ടുന്ന വിലയ്ക്കു നെല്ലു പുറത്തു വിൽക്കുന്നതു തുടരുന്നു. ആലപ്പുഴയിൽ 8000 ഹെക്ടർ പാടത്താണ് ഒന്നാംവിള നെൽകൃഷി.
പാലക്കാട്ട് 35,000 ഹെക്ടർ സ്ഥലത്താണ് ഒന്നാംവിള കൃഷിയിറക്കിയിട്ടുള്ളത്. ഇതേത്തുടർന്നു പാലക്കാട്ടെ നെല്ലെടുപ്പിനു കൂടുതൽ മില്ലുകളെ നിയോഗിക്കേണ്ടിവരും.
4 മില്ലുകൾ തയാർ: മന്ത്രി ജി.ആർ.അനിൽ
നിലവിൽ ആലപ്പുഴയിൽ നെല്ലെടുക്കുന്ന മില്ല് ഉൾപ്പെടെ 4 മില്ലുകൾ സംഭരണത്തിനു തയാറായിട്ടുണ്ടെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
കൂടുതൽ മില്ലുകളുമായി ചർച്ച നടത്തുന്നുണ്ട്. ആലപ്പുഴയിലെ പ്രത്യേക സാഹചര്യം കാരണമാണ് അവിടെനിന്ന് ആദ്യം സംഭരണം തുടങ്ങിയത്. പാലക്കാട്ടും അധികം താമസിയാതെ നെല്ലെടുപ്പ് ആരംഭിക്കും. ചുരുങ്ങിയ വിലയ്ക്കു നെല്ലുവാങ്ങി കർഷകരെ പീഡിപ്പിക്കുന്ന നിലപാട് അംഗീകരിക്കില്ല.
ഇതൊഴിവാക്കാനാണ് സപ്ലൈകോ കിലോയ്ക്ക് 30 രൂപ നിരക്കിൽ നെല്ലെടുക്കുമെന്ന ഉറപ്പ് പാഡി സ്ലിപ് വഴി നൽകുന്നത്.
തുടർചർച്ച വൈകുന്നു
നെല്ലുസംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്നു മന്ത്രിമാർ ഉറപ്പു നൽകുന്നുണ്ടെങ്കിലും മില്ലുകളുമായുള്ള തുടർ ചർച്ച വൈകുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങളും മില്ലുകൾ അംഗീകരിച്ചില്ല.
ഫലത്തിൽ തുടർ ചർച്ചയും സ്തംഭനത്തിലാണ്. പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി തലത്തിൽ തന്നെ വീണ്ടും ഇടപെടേണ്ടി വരും.
മന്ത്രിസഭാ യോഗം പ്രശ്നം ചർച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണു കൃഷിക്കാർ.
മില്ലുടമകളുമായി ചർച്ച തുടർന്ന് സർക്കാർ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് നെല്ലുസംഭരണത്തിനായി കൂടുതൽ മില്ലുടമകൾ രംഗത്തുവരുമെന്ന പ്രതീക്ഷയിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മില്ലുടമകളുമായി ചർച്ച തുടർന്നു സർക്കാർ. ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിലും സപ്ലൈകോ എംഡിയുമാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്.
ഏതാനും മില്ലുടമകൾ കൂടി സംഭരണത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവർ ബാങ്ക് ഗാരന്റി ഉൾപ്പെടെ രേഖകൾ തയാറാക്കുന്ന നടപടികളിലാണ്.
ഇതിനു ശേഷം സപ്ലൈകോയുമായി കരാർ ഒപ്പിടും. അതേസമയം, മില്ലുടമകളുടെ സംഘടന എതിർപ്പ് തുടരുന്നതു സർക്കാരിനു തിരിച്ചടിയാണ്.
നെല്ലു സംസ്കരിച്ചാൽ ലഭിക്കുന്ന അരിയുടെ അനുപാതം (ഔട്ട് ടേൺ റേഷ്യോ) 100 കിലോ നെല്ലിന് 68 കിലോഗ്രാം അരിയെന്നത് കുറച്ച് 64.5 കിലോഗ്രാം ആക്കണമെന്നും അല്ലെങ്കിൽ അതിനനുസരിച്ചുള്ള നഷ്ടപരിഹാരം മുൻവർഷങ്ങളിലേതു കൂടി ചേർത്തു നൽകണമെന്നുമാണ് സംഘടനയുടെ നിലപാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

