കോയമ്പത്തൂർ ∙ ലോക ക്രിക്കറ്റ് ഭൂപടത്തിൽ കോയമ്പത്തൂരിന് ഇടം നേടാനായി നിർമിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ദേശീയപാത 81നോട് ചേർന്ന തിരുച്ചി റോഡിലെ ഒണ്ടിപുതുരിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് തമിഴ്നാട് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (ടിഡ്കോ) ആണ് ടെൻഡർ ക്ഷണിച്ചത്.
സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള കൊമേഴ്ഷൽ കോംപ്ലക്സിനും ചേർത്താണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
20.18 ഏക്കറിൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ഒപ്റ്റസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃകയിലാണ് സ്റ്റേഡിയം നിർമിക്കുക. കുറഞ്ഞത് 25,000 മുതൽ 30,000 കാണികൾക്കു പ്രവേശിക്കാവുന്ന വിധമുള്ള സ്റ്റേഡിയം നിർമിക്കാൻ 500 കോടി ചെലവാകുമെന്നാണ് കരുതുന്നത്.
സംസ്ഥാന കായിക വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും നിർമിക്കുക.
നിലവിൽ സംസ്ഥാന ജയിൽ വകുപ്പിന്റെ തുറന്ന ജയിലാണ് ഇവിടെ പ്രവർത്തിക്കുന്നത്. 900 തെങ്ങുകൾ മുറിച്ചു മാറ്റി വേണം നിർമാണ പ്രവർത്തി തുടങ്ങാൻ.
ഇതിനോടു ചേർന്ന 10 ഏക്കറിൽ വാണിജ്യ കേന്ദ്രങ്ങൾ, ഹോട്ടൽ, ബഹുനില വാഹന പാർക്കിങ്, ഓഫിസുകൾ തുടങ്ങിയവയുണ്ടായിരിക്കും. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ വ്യവസ്ഥ പ്രകാരമാണ് സ്റ്റേഡിയം നിർമാണം.
60 വർഷത്തെ കരാറിൽ നിർമാണം പൂർത്തിയാക്കുന്ന കരാറുകാരന് ഈ കാലയളവിലെ അറ്റകുറ്റപ്പണികൾക്കും ഉത്തരവാദിത്തമുണ്ട്.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കോർപറേറ്റ് ബോക്സുകൾ, വിഐപി ലോഞ്ചുകൾ, മീഡിയ റൂം, കളിക്കാർക്കും മറ്റുള്ളവർക്കും വേണ്ട സജ്ജീകരണങ്ങൾ അടങ്ങിയ മുറികൾ സജ്ജമാക്കും.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24 ആണ്. 2027ൽ പണി പൂർത്തിയാക്കി നൽകണമെന്നാണ് വ്യവസ്ഥ ഉള്ളതെങ്കിലും നിലവിലെ തുറന്ന ജയിൽ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

