ചിറ്റൂർ ∙ ഇരട്ട സഹോദരങ്ങളായ ഒൻപതാം ക്ലാസ് വിദ്യാർഥികളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അണിക്കോട് ചാമപ്പറമ്പ് ദേവി നിവാസിൽ കാശി വിശ്വനാഥന്റെ മക്കളായ രാമൻ (14), ലക്ഷ്മണൻ (14) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ലങ്കേശ്വരം ശിവക്ഷേത്രക്കുളത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ഇരുവരും അച്ഛന്റെ ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയതായിരുന്നു. രാത്രി ഏറെ വൈകിയും തിരിച്ചെത്താഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്.
നല്ലേപ്പിള്ളിയിൽ നടക്കുന്ന ചിറ്റൂർ ഉപജില്ലാ കലോത്സവ വേദിയിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് രാത്രി ഒൻപതരയോടെ ചിറ്റൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സമീപത്തെ ലങ്കേശ്വരം കുളത്തിലും വടക്കത്തറ കുളത്തിലും പരിസരപ്രദേശങ്ങളിലുമൊക്കെ ശനിയാഴ്ച രാത്രി മുതൽ തന്നെ പൊലീസും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ ഏഴരയോടെ ലങ്കേശ്വരം ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ പാൽ വിതരണത്തിനെത്തിയ ആളാണ് ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതു കണ്ടത്.
ഉടൻ പൊലീസിനെ വിവരമറിയിച്ചു. ചിറ്റൂർ അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെത്തിച്ചപ്പോഴാണ് കാണാതായ ലക്ഷ്മണന്റേതാണെന്നു തിരിച്ചറിഞ്ഞത്.
തുടർന്ന് രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ സഹോദരൻ രാമന്റെ മൃതദേഹവും കണ്ടെത്തി.
ഇരുവരും കുളിക്കാനായി എത്തിയതാകാമെന്നാണു പ്രാഥമിക നിഗമനം.
കുട്ടികൾക്കു നീന്താൻ അറിയില്ലെന്നു വീട്ടുകാർ പറയുന്നു. അധികം ആൾസഞ്ചാരമില്ലാത്ത കുറ്റിയിൽ ലൈൻ വഴി ക്ഷേത്രത്തിന്റെ എതിർവശത്തുള്ള കടവിലാണു കുട്ടികൾ എത്തിയത്.
കുളക്കടവിൽ സ്കൂട്ടർ നിർത്തിയിരുന്നെങ്കിലും ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല.കുളത്തിന്റെ കൽപ്പടവിൽ ഒരു ജോഡി വസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നു പ്രദേശവാസികൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ കുട്ടികൾ പഠിക്കുന്ന ചിറ്റൂർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം കോട്ടക്കടവ് ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ: ജ്യോതി.
സഹോദരി: വിജി.
വേർപിരിയാതെ വേർപാടും
ചിറ്റൂർ ∙ ഒരുമിച്ച് ഉണ്ണുകയും ഒരുമിച്ചുറങ്ങുകയും ചെയ്ത ഇരട്ടസഹോദരങ്ങൾ… ഇന്നലെ ചേതനയറ്റ കുട്ടികളുടെ ശരീരം വീട്ടുമുറ്റത്ത് രണ്ട് സ്ട്രെച്ചറുകളിലായി കിടത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ഠമിടറി. മൂടിക്കെട്ടിയ മുഖം തുറന്നു കാണണമെന്നു പറഞ്ഞ് അമ്മ ജ്യോതി പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും കരച്ചിൽ അടക്കാനായില്ല.
ചെറിയ സമയവ്യത്യാസത്തിൽ പിറന്ന രാമനും ലക്ഷ്മണനും എന്തുകാര്യത്തിനും ഒരുമിച്ചായിരുന്നു. നിത്യതയിലേക്കും ഒരുമിച്ചുള്ള അവരുടെ യാത്ര നാടിനെയാകെ സങ്കടത്തിലാഴ്ത്തി.
അണിക്കോട് ചാമപറമ്പിലെ സ്ഥലപരിമിതിയുള്ള വീടിന്റെ മുൻവശത്ത് തലമൂടിക്കെട്ടിയ നിലയിലാണ് സഹോദരങ്ങളായ രാമന്റെയും ലക്ഷ്മണന്റെയും മൃതദേഹങ്ങൾ കിടത്തിയിരുന്നത്.
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒന്നരയോടെ കുട്ടികൾ പഠിച്ചിരുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ച് മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചു. തുടർന്ന് രണ്ടു മണിയോടെയാണു വീട്ടിലെത്തിച്ചത്.
ഇരുവരെയും അവസാനമായി ഒരുനോക്ക് കാണാൻ ഇടവഴികളിൽ പ്രിയപ്പെട്ടവരുടെ തിരക്കായിരുന്നു. കുഞ്ഞനുജന്മാരുടെ മുഖം കാണാനാകാതെ സഹോദരി വിജി അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജേതാക്കളായത് ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു സ്കൂൾ അധികൃതർ.
എന്നാൽ വിജയാഘോഷത്തിനായി ഒരുങ്ങിനിന്ന സ്കൂൾമുറ്റത്ത് ചേതനയറ്റ വിദ്യാർഥികളുടെ മൃതദേഹം എത്തിച്ചപ്പോൾ കണ്ടുനിന്ന അധ്യാപകർക്കും സഹപാഠികൾക്കും വിതുമ്പൽ അടക്കാനായില്ല. കുട്ടികൾ പൂജാകർമങ്ങൾ ചെയ്തിരുന്ന മാരിയമ്മൻ ക്ഷേത്രത്തിനു മുന്നിൽ അൽപനേരം നിർത്തിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി കോട്ടക്കടവ് പൊതുശ്മശാനത്തിലേക്കു കൊണ്ടുപോയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

