വടക്കഞ്ചേരി∙ ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിൽ. പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ച പ്രതികളെ വടക്കഞ്ചേരി പൊലീസ് പിന്തുടർന്നു പിടികൂടി.
മീററ്റ് സ്വദേശികളായ ആസിഫ് (29), മുഹമ്മദ് ഷബാസ് (35), കാമിൽ (31), സലിം (35), സറഫരാജ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ലോറിയും ലോറിയിൽ ഉണ്ടായിരുന്ന കൊടുവാൾ, കത്തികൾ, ഇരുമ്പുദണ്ഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി.
ദേശീയപാത കേന്ദ്രീകരിച്ച് വീടുകളിൽ മോഷണം നടത്തുന്ന സംഘവുമായി ഇവർക്കു ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ മംഗലം പാലത്ത് വടക്കഞ്ചേരി പൊലീസ് ഇവരുടെ ലോറി തടഞ്ഞു.
എന്നാൽ ഇവർ പൊലീസിനെ വെട്ടിച്ച് പാഞ്ഞു. പിന്തുടർന്ന പൊലീസ് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം ലോറി തടയാൻ ശ്രമിച്ചെങ്കിലും ജീപ്പ് ഇടിച്ച് മാറ്റി ടോൾ പ്ലാസയുടെ ബാരിയറും തകർത്ത് ലോറി മുന്നോട്ടുപോയി.
പിന്നീടു ഹൈവേ പൊലീസിന്റെ സഹായത്തോടെ വാണിയമ്പാറയ്ക്കു സമീപം തടഞ്ഞതോടെ പ്രതികൾ ലോറിയിൽ നിന്ന് ഇറങ്ങിയോടി.
പുലർച്ചെ മൂന്നോടെ പ്രതികളെ പിടികൂടി. ലോറിയിലെ രഹസ്യ അറയിൽ 1200 ലീറ്റർ ഡീസൽ ശേഖരിക്കാനുള്ള അറയും സജ്ജീകരിച്ചിരുന്നു.
ഡീസൽ മോഷ്ടിക്കാനുള്ള പമ്പ് സെറ്റും ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, എസ്ഐമാരായ ഷാജു കുറ്റിക്കാടൻ, പി.ശ്രീധരൻ, ഐ.അബ്ബാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉക്കാഷ്, ഹോം ഗാർഡ് അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണു ലോറി പിടികൂടിയത്. എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

