കൂരാച്ചുണ്ട് ∙ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിലേയ്ക്കുള്ള പ്രധാന റോഡരികിലെ കാട് വിനോദ സഞ്ചാരികൾക്കും വാഹന യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.
തോണിക്കടവ് – കരിയാത്തുംപാറ റോഡിൽ തോണിക്കടവ് മുതൽ കരിയാത്തുംപാറ ബീച്ച് വരെയുള്ള മേഖലയിൽ പാതയുടെ ഇരുവശങ്ങളും കാട് മൂടിയതാണു പ്രശ്നം.
റിസർവോയർ തീരത്തൂടെയുള്ള വളവുകളുള്ള റോഡിൽ കാട് നിറഞ്ഞത് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നതാണ് അപകട സാധ്യത.
ടൂറിസ്റ്റുകൾക്ക് കേന്ദ്രത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും കാട് തടസ്സമാണ്. വിനോദ സഞ്ചാരികളുടെയും കക്കയം, കരിയാത്തുംപാറ നിവാസികളുടെയും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലാണ് അപകടക്കെണി.
ടാറിങ് പാതയിലേക്ക് കാട് കയറിയ നിലയിലാണ്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണിത്. ജില്ലാ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ജലസേചന വകുപ്പ് നടത്തുന്ന തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഈ മേഖലയിലുള്ളത്.
കൂടാതെ കക്കയം ഹൈഡൽ ടൂറിസം സെന്റർ, ജലവൈദ്യുത ഉൽപാദന കേന്ദ്രം എന്നിവടങ്ങളിലേക്കും ഈ റൂട്ടിലാണ് സഞ്ചരിക്കുന്നത്.
ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ടൂറിസ്റ്റുകളിൽ നിന്നും ഫീസ് വാങ്ങുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒഴിവു ദിവസങ്ങളിൽ ഈ റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നതും നാട്ടുകാർക്ക് ദുരിതമാണ്.
പാതയോരത്തെ കാട് വെട്ടി യാത്രക്കാർക്ക് സുരക്ഷ ഏർപ്പെടുത്താൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

