വർഷം 2017, തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ പഠിച്ചിറങ്ങിയ 5 സുഹൃത്തുക്കൾ, കോർപറേറ്റ് ജോലി ഉപേക്ഷിച്ചു സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കാനിറങ്ങി.
ക്ലാസ് മുറികളിലെ തിരക്കിൽ ശ്രദ്ധകിട്ടാത്തതു കൊണ്ടു മാത്രം പിന്നാക്കം പോകുന്ന കുട്ടികളെ പഠനകാലത്തു കണ്ടു പരിചയിച്ചതാണ് ഈ ഉദ്യമത്തിന് അവരെ പ്രേരിപ്പിച്ചത്. അവർ നടത്തിയ ട്യൂഷൻ സെന്റർ വിജയകരമായി.
കോഴിക്കോട് പൊറ്റമലും എറണാകുളത്തും രണ്ടു സെന്ററുകളും തുറന്നു. 2018 ജൂണിൽ ആംഗിൾ ബീ ലേൺ എന്ന കമ്പനി റജിസ്റ്റർ ചെയ്തു.
വർഷം 2020 – ലോക്ഡൗണിനെ തുടർന്നു വിദ്യാഭ്യാസം ഓൺലൈനിലേക്കു മാറിയതോടെ അഞ്ചു പേരും ട്യൂഷനും ഓൺലൈനിലേക്കു മാറ്റി.
ഗൂഗിൾ മീറ്റിലും വാട്സാപ്പിലുമായി നടത്തുന്ന ഓൺലൈൻ അധ്യാപനത്തിന്റെ കുറവുകൾ തിരിച്ചറിഞ്ഞപ്പോൾ കംപ്യൂട്ടർ എൻജിനീയർമാരായ അവർ സ്വന്തമായി ആപ്ലിക്കേഷൻ നിർമിച്ചു – സൂപാലേൺ (Supalearn). ആപ്ലിക്കേഷനിൽ വൈറ്റ് ബോർഡ് സൗകര്യവും ഹോംവർക്ക് ചെയ്യാനുള്ള ഹിന്റുകളും മറ്റു ഒരുപാടു ഫീച്ചറുകളും ഉൾപ്പെടുത്തി.
പാഠഭാഗങ്ങൾ ഫ്രീയായി ലഭിക്കുന്നതും പഴയ ക്വസ്റ്റ്യൻ പേപ്പറുകൾ ലഭിക്കുന്നതും സുപാലേണിനെ ശ്രദ്ധാകേന്ദ്രമാക്കി.
ആപ്ലിക്കേഷനിൽ എഐ ഇന്റർഗ്രേഷനും നടത്തിയതോടെ വിദ്യാർഥികൾക്ക് സ്വയം നിലവാരം പരിശോധിക്കാനും പഠനം സ്വയം ക്രമപ്പെടുത്താനും സുപാലേൺ സഹായിച്ചു. ഫ്രീ ക്ലാസുകൾ കണ്ടു അവരിൽ പലരും വ്യക്തിഗത ട്യൂഷനും ഓൺലൈൻ ട്യൂഷനും തിരഞ്ഞെടുത്തതോടെ കേരളത്തിനു പുറത്തേക്ക് ആംഗിൾ വളരാൻ തുടങ്ങി.
സിബിഎസിഇ, ഐസിഎസ്ഇ, ഐജിസിഎസ്ഇ, ഐബി, സ്റ്റേറ്റ് സിലബസുകളിൽ ആംഗിൾ ക്ലാസുകൾ നൽകുന്നുണ്ട്.
വിദ്യാർഥികളുടെ എണ്ണം വർധിച്ചതോടെ ഓൺലൈൻ ട്യൂഷനു കൂടുതൽ ടീച്ചർമാരെ കണ്ടെത്തേണ്ടത് അത്യാവശ്യമായി. അതോടെ ടീച്ചർമാരുടെ നിലവാരം മെച്ചപ്പെടുത്താനായി സുപാ ട്യൂട്ടർ കോഴ്സിനും ആംഗിൾ തുടക്കം കുറിച്ചു.
ഇതിനു അസാപിന്റെ അക്രെഡിറ്റേഷനും ലഭിച്ചു. ഇന്നു കേരളത്തിനു പുറത്തും അധ്യാപക പരിശീലനത്തിന് ആംഗിൾ തുടക്കം കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ സിലബസിലും പ്ലസ്ടു വരെ സ്വയം പഠിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്കായി എഐ ട്യൂഷൻ ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആംഗിൾ.
4 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളുടെ സ്പോക്കൺ ഇംഗ്ലിഷും കമ്യൂണിക്കേഷനും വികസിപ്പിക്കാനായി ആമസോൺ അലക്സ പോലെ എഐ സകര്യമുള്ള ഡിവൈസിന്റെ വികസനവും പുരോഗമിക്കുന്നു. അഞ്ചു പേരിൽ നിന്നു തുടങ്ങിയ ആംഗിളിൽ ഇന്നു 105 സ്ഥിരം ജീവനക്കാരും അധ്യാപകരും മറ്റുമായി 1500ലേറെ പേരുണ്ട്.
ഓൺലൈൻ ക്ലാസുകൾക്കൊപ്പം കോഴിക്കോട് കുതിരവട്ടത്ത് ഓഫ് ലൈൻ ട്യൂഷൻ സെന്ററും ആംഗിൾ നടത്തുന്നുണ്ട്. അരീക്കോട്ടുകാരനായ സിഎംഒ ആഷിഖ് മുഹമ്മദും കോഴിക്കോട്ടുകാരായ സിഇഒ ടി.നവജ്യോത്, സിടിഒ എൻ.കെ.സുഹൈൽ, സിഒഒ യാസർ അറാഫാത്ത്, സിഎഫ്ഒ സി.ടി. അൽഷാദൻ എന്നിവരാണ് ആംഗിളിന്റെ അമരക്കാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

