തോക്ക് കണ്ടാലുടൻ തനിയെ അടയുന്ന നൂതന ഹെൽമട്ടുമായി കോഴിക്കോട് എൻഐടി വിദ്യാർഥികൾ ശ്രദ്ധ നേടുന്നു. എൻഐടിയിലെ തത്വ ടെക്നോഫെസ്റ്റിൽ സംഘടിപ്പിച്ച ഇന്നവെക്സ് വിഭാഗത്തിലാണ് ഈ സംരംഭം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
10,000 രൂപയാണ് ഇവർക്ക് പുരസ്കാരമായി ലഭിച്ചത്. മൂന്നാം വർഷ വിദ്യാർഥികളായ സോജിത് ടിജുവും എസ്.ശ്രീഅഭിരാമുമാണ് ‘അയേൺമാൻ’ ഹെൽമറ്റ് രൂപകൽപന ചെയ്തു നിർമിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം ടീമുകളാണ് ഇന്നവെക്സ് മത്സരത്തിൽ മാറ്റുരച്ചത്. പ്രശസ്തമായ സാങ്കൽപിക സൂപ്പർ ഹീറോ ‘അയേൺമാൻ’ നൽകിയ പ്രചോദനമാണ് ഇത്തരമൊരു മെക്കട്രോണിക്സ് ഹെൽമറ്റ് വികസിപ്പിച്ചെടുക്കാൻ കാര്യമെന്ന് സോജിത് ടിജു വ്യക്തമാക്കി.
“എഐ അധിഷ്ഠിത യോളോ ഒബ്ജക്റ്റ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണു തോക്ക് അടക്കമുള്ള അപകടകരമായ വസ്തുക്കളെ ഹെൽമറ്റ് തിരിച്ചറിയുക. ഉടൻ തന്നെ ഫെയ്സ്ഷീൽഡ് തനിയെ അടയുകയും ചെയ്യുക.
സൈനികരെ ഉദ്ദേശിച്ചാണു രൂപകൽപന. എന്നാൽ, അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഉപയോഗപ്പെടും”- സോജിത് ടിജു പറഞ്ഞു.
ബ്ലൂടൂത്ത്, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനം, ടച്ച് സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സെർവോ മോട്ടറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളും ഈ ഹെൽമറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഐടി പ്രഫസർമാരുടെ പൂർണ്ണ പിന്തുണയോടെയാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഹെൽമറ്റിന്റെ പ്രാഥമിക മാതൃക ത്രീഡി പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു. എറണാകുളം സ്വദേശിയാണ് സോജിത് ടിജു.
ശ്രീഅഭിരാം ആകട്ടെ ആന്ധ്രപ്രദേശ് സ്വദേശിയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

