കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണല്ലോ നാട്. സ്വാതന്ത്ര്യം കിട്ടിയ ശേഷമാണ് ഇവിടെ ജനാധിപത്യം ശക്തി പ്രാപിച്ചത്.
എന്നാൽ, അതിനുമുൻപും ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഒരു നൂറ്റാണ്ട് മുൻപു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണ് വോട്ടുണ്ടായിരുന്നതെന്ന് അക്കാലത്തെ ഇംപീരിയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1913ൽ കോഴിക്കോട് താലൂക്ക് ബോർഡിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നത്തെ സാമൂതിരി രാജാവ് ഉൾപ്പെടെയുള്ളവരാണ് വോട്ടു ചെയ്തത്.
ഇന്ത്യയിൽ സ്വതന്ത്ര നാട്ടുരാജ്യമായി കൊച്ചിയും തിരുവിതാംകൂറും നിൽക്കുന്ന കാലമായിരുന്നു അത്. കോഴിക്കോട് തലസ്ഥാനമായ മലബാർ പ്രദേശം അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിലായിരുന്നു.
അക്കാലത്തെ തിരഞ്ഞെടുപ്പിന്റെ രേഖകൾ പുരാരേഖാ വകുപ്പിനു കീഴിലുള്ള റീജനൽ ആർക്കൈവ്സിലുണ്ട്. സംസ്ഥാനത്ത് മലബാർ മേഖലയിലാണ് ഒരു നൂറ്റാണ്ടിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പുകൾ നടന്നത്.
1882 മേയ് 18ന് അന്നത്തെ വൈസ്രോയ് റിപ്പൺ പ്രഭു കൊണ്ടുവന്ന തീരുമാനപ്രകാരമാണ് ഇന്ത്യയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചത്. ‘റിപ്പൺ പ്രമേയ’ത്തിന്റെ ഭാഗമായാണ് 1884ൽ മദ്രാസ് പ്രവിശ്യയിൽ മദ്രാസ് ലോക്കൽബോർഡ് നിലവിൽവന്നത്.
ജില്ലാ ബോർഡുകൾ, താലൂക്ക് ബോർഡുകൾ, വില്ലേജ് യൂണിയനുകൾ (പഞ്ചായത്ത്) എന്നിവയ്ക്ക് തുടക്കം കുറിച്ചു.
ഭരണ സംവിധാനം
മദ്രാസ് പ്രവിശ്യയിൽ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളോടു കൂടിയ ജില്ലാ ബോർഡുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകൾ ഈ ജില്ലാ ബോർഡുകളുടെ കീഴിലായിരുന്നുവെന്ന് അക്കാലത്തെ പുരാരേഖകളിൽ കാണാം.
എന്നാൽ, നിയമം, നീതിന്യായം, നികുതി എന്നിവ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. 1954 വരെ മലബാർ ബോർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു.
1956ൽ സംസ്ഥാന രൂപീകരണത്തോടെയാണ് ലോക്കൽ ബോർഡുകൾ പിരിച്ചുവിട്ടതെന്നും രേഖകളിൽ കാണാം.
ത്രിതല സംവിധാനം
മലബാർ ജില്ലയുടെ ഭരണതലസ്ഥാനം കോഴിക്കോട്ടായിരുന്നു. ജില്ലാ ബോർഡുകൾക്കു കീഴിലായിരുന്നു താലൂക്ക് ബോർഡുകളുടെ പ്രവർത്തനം.
മലപ്പുറം, തലശ്ശേരി, പാലക്കാട്, മാനന്തവാടി എന്നിവിടങ്ങളിൽ താലൂക്ക് ബോർഡുകളുണ്ടായിരുന്നു. ജില്ലാ തലസ്ഥാനമായ കോഴിക്കോട് കേന്ദ്രീകരിച്ചും താലൂക്ക് ബോർഡുണ്ടായിരുന്നു.
1920നു മുൻപ് അഞ്ച് താലൂക്ക് ബോർഡുകളാണുള്ളതെന്ന് ഗസറ്റിൽ പറയുന്നു. 1920നു ശേഷം 7 താലൂക്ക് ബോർഡുകളായി.
വോട്ടർമാരും പോളിങ് സ്റ്റേഷനും
1913ൽ ഗസറ്റിൽ ഉൾപ്പെട്ട
പട്ടിക പ്രകാരം വളയനാട് ദേശക്കാരനായ സാമൂതിരി രാജാവിന് കോഴിക്കോട് താലൂക്കിലാണ് വോട്ടവകാശം. അന്ന് സാമൂതിരി രാജാവിന് 67 വയസ്സസായിരുന്നു. കാരന്നൂർ ദേശത്തെ കാരമ്പള്ളി ഉണ്ണിക്കുറുപ്പെന്ന ജന്മിക്കും ചേവായൂരിലെ പാലക്കുന്നത്ത് കോളായി ഗോവിന്ദൻ നായർക്കും കസബ ദേശത്തെ കല്ലിങ്ങൽ രാരിച്ചൻമൂപ്പനും കച്ചേരി ദേശത്തെ നമ്പന്നൂർ കോന്തൻനായർക്കും വള്ളുവനാട്ടിലെ തമ്മെമൂത്ത പണിക്കർക്കും കോഴിക്കോട്ടായിരുന്നു വോട്ട്.
കുറമ്പ്രനാട്ടിലെ പനങ്ങാട് ദേശക്കാരനായ കിഴക്കേടത്ത് കോവിലകത്ത് രാമവർമ്മ രാജയ്ക്ക് താമരശ്ശേരി താലൂക്കിലായിരുന്നു വോട്ടവകാശം. അക്കാലത്ത് ആറു വിഭാഗത്തിലുള്ളവർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നതെന്നും ഇംപീരിയൽ ഗസറ്റിലുണ്ട്. അവരെല്ലാവരും ജന്മികളായിരുന്നു.
സാമൂതിരി രാജാവിനു പുറമേ പട്ടയദാർമാർ, കാണംദാർമാർ, ആദായനികുതി അടയ്ക്കുന്നവർ, സ്ഥിരം അംശം അധികാരികൾ, യൂണിയൻ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾ, ബിരുദധാരികൾ എന്നിവരാണ് അവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

