നാദാപുരം ∙ മാവുകൾ ഗണ്യമായി പൂത്തെങ്കിലും കത്തുന്ന ചൂടിൽ ഏറെയും പാകമാകാതെ നിലം പതിക്കുന്നത് കർഷകരെ നിരാശരാക്കുന്നു. മീനമാസത്തിനു മുൻപ് മാങ്ങ പഴുക്കുന്നതാണ് മുൻ കാല അനുഭവമെങ്കിൽ ഇത്തവണ വിഷുവെത്തിയിട്ടും മാങ്ങ പാകമാകാത്തതാണ് കർഷകരെ നിരാശരാക്കുന്നത്.
കത്തുന്ന ചൂട് കാരണമാണ് മാങ്ങ ഏറെയും നിലംപതിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. വർഷത്തിലൊരു തവണ മാത്രം ഫലം ലഭിക്കുന്ന മാവുകളുടെ സംരക്ഷണത്തിനും പരിചരണത്തിനും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് ശാസ്ത്രീയമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഏറെ പ്രസിദ്ധമായ അരൂർ ഒളോർ മാവുകളിൽ അടക്കം ധാരാളമായി പൂക്കുല വിരിഞ്ഞെങ്കിലും പകുതി പോലും മാങ്ങയാകാതെ വീണു പോയി.
പൂക്കുല വിരിഞ്ഞത് മുഴുവൻ മാങ്ങയായിരുന്നെങ്കിൽ കർഷകർക്ക് വൻ വരുമാനം ലഭിക്കുമായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് പൂക്കുലകൾ കരിഞ്ഞു പോകാൻ ഇടയാക്കിയതെന്നാണ് കർഷകർ പറയുന്നത്.
വിലങ്ങാട്, അരൂർ, വളയം മേഖലകളിൽ നിന്നാണ് വിപണിയിൽ ഏറെ മാങ്ങ എത്തുക പതിവ്. ഇതിൽ ഏറെ ഡിമാന്റുള്ളത് അരൂർ ഒളോർ മാങ്ങയ്ക്കാണ്.
ഒട്ടേറെ മാവുകൾ കൊണ്ട് സമ്പന്നമായ കടത്തനാടൻ മേഖലയിലേക്ക് ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരെ മാമ്പഴം എത്തുകയാണ്.
അരൂർ ഒളോറിന്റെ കാര്യത്തിൽ ഇത്തവണ അരൂർക്കാരുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റുകയായിരുന്നു. മാങ്ങക്കാലമായാൽ ഇവ വാങ്ങിക്കാൻ ഒട്ടേറെ വ്യാപാരികൾ എത്തുക പതിവാണ്.
ഇത്തവണ ഇതു വരെ കച്ചവടക്കാർ രംഗത്തെത്തിയിട്ടില്ല. മാങ്ങ കൊഴിഞ്ഞു പോകുന്നതാണ് തടസ്സമെന്ന് പതിറ്റാണ്ടുകളായി മാങ്ങക്കച്ചവടം നടത്തുന്ന അരൂരിലെ കുന്നിയേൽ ഗോപാലൻ പറഞ്ഞു.അരൂർ ഒളോർ മാങ്ങയെ ഭൗമ സൂചിക പദവിയിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും എവിടെയുമെത്തിയിട്ടില്ല.
മാങ്ങയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി കർഷകരെ സഹായിക്കാൻ പുറമേരി പഞ്ചായത്ത് പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

