കോഴിക്കോട് ∙ ‘ഇതു മനുഷ്യാവകാശ ലംഘനമാണ്. അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ പാതിരാത്രിയാകുന്നുണ്ട്, വീട്ടിൽ തിരിച്ചെത്താൻ.
പട്ടി ശല്യം വേറെ. രാത്രി വൈകുന്നതു കാരണം പലരുടെയും മോശം പ്രയോഗങ്ങൾ കേൾക്കേണ്ടി വരുന്നു.
ആരും സഹായിക്കാനില്ല. വീട്ടിൽ നിന്നു പൊതിഞ്ഞെടുത്ത ചോറുപോലും കഴിക്കാൻ നേരമില്ല.
മൂത്രമൊഴിക്കാൻ പോലും സാധിക്കാതെയാണ് അലയേണ്ടി വരുന്നത്.’ ഇന്നലെ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ പ്രചരിച്ച ഈ ശബ്ദ സന്ദേശം ഒരു വനിതയുടേതാണ്.
എസ്ഐആർ ജോലിക്കു വേണ്ടി നിയോഗിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥരുടെ ദുരവസ്ഥ വെളിവാക്കുന്ന വാക്കുകൾ.
കാര്യങ്ങൾ തുറന്നു പറഞ്ഞതിനു തന്നെ ആരും ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും ഉദ്യോഗസ്ഥ ധൈര്യത്തോടെ പറയുന്നുണ്ട്.
എസ്ഐആറിനു നിയോഗിക്കപ്പെട്ട വനിതകളടക്കമുള്ള ബിഎൽഒമാരുടെ കഷ്ടപ്പാടുകൾ ഒട്ടേറെയാണ്.
പലരും വേണ്ടത്ര പരിശീലനം ലഭിക്കാതെയാണു നിയോഗിക്കപ്പെട്ടത്. പെട്ടെന്നു തീർക്കാൻ വേണ്ടി ഉന്നതതലങ്ങളിൽനിന്നു സമ്മർദമുണ്ട്.
തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടറുടെ ഓഫിസിൽ നിന്ന് ഒരു ജീവനക്കാരൻ അവധിയെടുത്തു പോയി. അവധി തേടിയ മറ്റൊരു ജീവനക്കാരനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി.
പകരം വന്നയാൾക്കാകട്ടെ, തിരഞ്ഞെടുപ്പു ജോലി കൃത്യമായി അറിയാത്തതിനാൽ അവലോകന യോഗങ്ങളിൽ ഇയാളെ സ്ഥിരമായി കളിയാക്കുന്നതായി പരാതിയുണ്ട്. എൻജിഒ യൂണിയനും എൻജിഒ അസോസിയേഷനും ജോയിന്റ് കൗൺസിലും ജോലി സമ്മർദത്തെപ്പറ്റി കലക്ടർക്കു പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
മറ്റു ജില്ലകളുമായും ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരുമായും താരതമ്യം ചെയ്യുന്ന വിശകലനങ്ങൾ ജീവനക്കാരുടെ ഗ്രൂപ്പിലിടുന്നതും ബിഎൽഒമാരുടെ ആത്മവിശ്വാസം തകർക്കുന്നതായി ആക്ഷേപമുണ്ട്. വെള്ളിയാഴ്ച വരെ ജില്ലയുടെ എസ്ഐആർ 64% പിന്നിട്ടതായാണു വിലയിരുത്തൽ.
പലയിടത്തും പകൽ ആളുകളില്ലാത്തതു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
2002ലെ വോട്ടർപട്ടിക പ്രകാരമുള്ള ഫോമുകൾ തരം തിരിക്കൽ, വീടുകളിൽ നേരിട്ടു വിതരണം ചെയ്യൽ, വോട്ടറെ നേരിട്ടു കണ്ട് പരിശോധിക്കൽ, ഫോം തിരിച്ചു വാങ്ങൽ, ഫോം വിതരണം ചെയ്തുവെന്നും തിരിച്ചുവാങ്ങിയെന്നുമുള്ള കണക്കുകൾ നൽകൽ, ഫോമിലെ വിവരങ്ങൾ ഓൺലൈനായി അപ്ലോഡ് ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ബിഎൽഒമാർ നിർവഹിക്കണം.
പകൽ ആളുകൾ ജോലിക്കു പോകുമെന്നതിനാൽ, ഫോം വിതരണം ചെയ്യാനായി തന്നെ ഒന്നിലധികം തവണ പോകേണ്ടി വരുന്നു. രാവിലെ 5 മണിക്ക് എഴുന്നേറ്റാൽ രാത്രി 12 മണിയായാലും തീരുന്നില്ലെന്നു കെഎസ്ഇബി ജീവനക്കാരനായ ഒരു ബിഎൽഒ പറഞ്ഞു.
‘പട്ടികയിലുള്ളവരും ഇല്ലാത്തവരുമൊക്കെ ഫോണിൽ ചീത്ത വിളിക്കാറുണ്ട്.
നായ ശല്യം വേറെ. ഗേറ്റ് പൂട്ടിയിട്ട
ഒരു വീട്ടിൽ 2 തവണ പോയിട്ടും ആരെയും കണ്ടില്ല. മൂന്നാം തവണ, ഫോം ഇറയത്തേക്കു വലിച്ചെറിഞ്ഞു കൊടുത്തു.
പിറ്റേന്ന് ഉടമ വിളിച്ചു പറഞ്ഞു: നായ ഫോം കടിച്ചു കീറി. വീണ്ടും ഫോം തരണമെന്ന്.
എനിക്ക് 1498 വോട്ടുള്ള ബൂത്താണു ലഭിച്ചത്. തൊട്ടടുത്തുള്ളയാൾക്കു ലഭിച്ചത് 493 വോട്ടുള്ളതും.
വോട്ടർമാരുടെ എണ്ണം നോക്കാതെ, അശാസ്ത്രീയമായി ബിഎൽഒമാരെ നിയോഗിച്ചതും പ്രശ്നത്തിനിടയാക്കിയിട്ടുണ്ട്. ’ ജീവനക്കാരൻ പറഞ്ഞു.
ആദിവാസി മേഖലകളിൽ ഫോം വിതരണം ചെയ്യുന്ന ബിഎൽഒമാരും ഒട്ടേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പു നടപടികൾ നടക്കുന്ന സമയത്തു തന്നെ എസ്ഐആർ വന്നതും പെട്ടെന്നു തീർക്കാനുള്ള നിർദേശവും ബിഎൽഒമാരുടെ ജോലി ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്.
ജില്ലയിലും ഇന്നു പ്രതിഷേധം
ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും.
ബിഎൽഒമാർ ഇന്നു ജില്ലയിലും ജോലിയിൽ നിന്നു വിട്ടുനിൽക്കും. ജില്ലാ വരണാധികാരിയുടെ ഓഫിസിലേക്കു മാർച്ച് നടത്തും.
എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ആവശ്യമായ സമയമനുവദിച്ച് മാത്രം പുനരാരംഭിക്കണമെന്നും എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ദിനേശൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

