കോഴിക്കോട്∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മുസ്ലിം ലീഗിൽ പൊട്ടിത്തെറി തുടരുന്നു. കോൺഗ്രസുമായി ചർച്ച ചെയ്തു വാങ്ങിയ 2 സീറ്റുകളിൽ സ്ഥാനാർഥികളെ നിർണയിക്കാനാകാതെ കുഴങ്ങുകയാണ് നേതൃത്വം.
ഈ സീറ്റുകൾ കോൺഗ്രസിനു തിരിച്ചു നൽകാനോ അല്ലെങ്കിൽ കോൺഗ്രസ് നിർദേശിക്കുന്നവരെ ലീഗ് സ്ഥാനാർഥികളാക്കി നിർത്താനോ ആണ് ആലോചന. കഴിഞ്ഞ തവണ 24 സീറ്റിലേക്കു മത്സരിച്ച ലീഗ് ഇത്തവണ ഒരു സീറ്റ് അധികം ചോദിച്ചു വാങ്ങിയതായിരുന്നു.
എന്നാൽ ഇവിടെ മികച്ച സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയായി.
പുത്തൂർ, കോവൂർ വാർഡുകളിൽ പ്രതിസന്ധിയെ തുടർന്നു സീറ്റ് മടക്കി നൽകാനാണ് ആലോചന. ബേപ്പൂരിലും മികച്ച ലീഗ് സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ കോർപറേഷൻ ജീവനക്കാരനും കോൺഗ്രസിന്റെ സംഘടനാ നേതാവുമായിരുന്ന കെ.കെ.സുരേഷിനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും തുടരുകയാണ്.
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട 2 വനിതാ ലീഗ് നേതാക്കൾ സംഘടന ഭാരവാഹിത്വം രാജിവച്ചു.
മൂന്നാലിങ്ങൽ കൗൺസിലറായിരുന്ന കെ.റംലത്ത് നോർത്ത് മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മൂന്നാലിങ്ങലിൽ വീണ്ടും സീറ്റ് ലഭിക്കാനായി ഇവർ ശ്രമിച്ചിരുന്നു.
ലീഗ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് സിപിഎം പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു.
ചെലവൂർ മേഖലയിലെ വനിതാ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനം പി.സാജിത മൂഴിക്കലും രാജിവച്ചു. വാർഡിൽ ഭൂരിപക്ഷം പേരും പിന്തുണച്ചിട്ടും തഴഞ്ഞതിൽ പ്രതിഷേധിച്ചാണു രാജി.നല്ലളം, അരക്കിണർ എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും പ്രശ്നങ്ങളുണ്ട്.
നല്ലളത്ത് കഴിഞ്ഞ തവണ ലീഗ് വിമത എൽഡിഎഫ് പിന്തുണയോടെ വിജയിച്ചിരുന്നു. സമാന സാഹചര്യമാണ് ഇവിടെ ഇപ്പോഴും നിലവിലുള്ളത്.
അരക്കിണറിലും വിമതർ രംഗത്തെത്താനുള്ള സാഹചര്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

