ലോകത്തെ ഏറ്റവും മൂല്യമേറിയ 500 കമ്പനികളിൽ ഉൾപ്പെട്ടവരുടെ അടക്കം 20 ലക്ഷം വെബ്സൈറ്റുകൾ പ്രവർത്തിക്കണമെങ്കിൽ കോഴിക്കോട്ടെ ഒരു ഐടി കമ്പനി വിചാരിക്കണം. അതാണ് മോസിലോർ ടെക്നോളജീസ്.
2017ൽ കോഴിക്കോട് എൻഐടി ഇൻക്യുബേറ്ററിൽ നിന്നു 4 പേരുമായി തുടങ്ങി, ഇന്നു കോഴിക്കോട് സൈബർ പാർക്കിലും കൊച്ചി ഇൻഫോപാർക്കിലും ലണ്ടനിലുമായി 140 ജീവനക്കാരും 140 കോടി രൂപ വാർഷിക വരുമാനവും പ്രതീക്ഷിക്കുന്ന, ലോകമെങ്ങും പേരെടുത്ത കമ്പനിയാണ് മോസിലോർ.
അരീക്കോട് സ്വദേശിയായ മെക്കാനിക്കൽ എൻജിനീയർ ടി.കെ.അൻവറും വെള്ളിപറമ്പ് സ്വദേശിയും ഇലക്ട്രോണിക്സ് എൻജിനീയറുമായ ഭാര്യ ഫസീല അരീക്കലും തുടക്കം കുറിച്ച മോസിലോർ ഇന്നു വെബ്സൈറ്റ് സ്വകാര്യതാ നിയന്ത്രണത്തിൽ ലോകവിപണിയിൽ 22 ശതമാനത്തോടെ ഒന്നാം സ്ഥാനത്താണ്.തുടക്കകാലത്തു വേൾഡ്പ്രസ് വെബ്സൈറ്റിന്റെ പ്ലഗ്ഇൻ, എക്സ്റ്റൻഷൻ തുടങ്ങിയവയാണ് മോസിലോർ രൂപകൽപന ചെയതത്. പിന്നീട് അതു വളർന്നു വെബ്സൈറ്റുകളിലെ കുക്കീസിനെ നിയന്ത്രിക്കാനുള്ള കുക്കീയെസ് (CookieYes) എന്ന കൺസെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമിൽ (CMP) എത്തി.
ഗൂഗിൾ സർട്ടിഫൈഡ് സിഎംപി പാർട്നറായ കുക്കീയെസ് വൻ വിജയമായതോടെ മോസിലോറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
2018ൽ യൂറോപ്യൻ യൂണിയൻ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആർ) ഏർപ്പെടുത്തിയതോടെയാണ് മോസിലോർ കുക്കീയെസ് പുറത്തിറക്കിയത്. സമാനസ്വഭാവമുള്ള മറ്റു സോഫ്റ്റ്വെയറുകളെ അപേക്ഷിച്ച് വളരെ എളുപ്പവും യൂസർഫ്രണ്ട്ലിയുമായ കുക്കീയെസിന്റെ വളർച്ച അതിവേഗമായിരുന്നു.
ഇന്നു ഇത്തരം സർവീസ് നൽകുന്ന കമ്പനികളിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് മോസിലോർ.
കുക്കീയെസിനു പുറമേ വൂകൊമേഴ്സ്, ഷോപ്പിഫൈ, ഇ കൊമേഴ്സ് വെബ്സൈറ്റുകൾക്ക് ഇൻവോയിസ് സൃഷ്ടിക്കാനും അവരുടെ ഉത്പന്നങ്ങളുടെ വിപണനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും വേണ്ട വിവിധ തരം പ്ലഗ് ഇൻ സർവീസ് നൽകുന്ന വെബ്ടോഫി (webtoffee), വെബ്സൈറ്റുകളിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും അവയുടെ പ്രവർത്തനവും ട്രാഫിക്കും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഓഡിറ്റ് ടൂളായ വെബ് യെസ് (webyes) തുടങ്ങിയവയും മോസിലോറിന്റെ പ്രസിദ്ധ ഉത്പന്നങ്ങളാണ്.
ഇന്നു മുതൽ 13 വരെ പോർച്ചുഗല്ലിലെ ലിസ്ബണിൽ നടക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ ടെക്നോളജി കോൺഫറൻസായ വെബ് സമ്മിറ്റിൽ മോസിലോറിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
7 വർഷം കൊണ്ട് ലോക ഐടി രംഗത്ത് മുദ്രപതിപ്പിക്കാൻ സാധിച്ച മോസിലോറിന്റെ വിജയത്തിനു പിന്നിൽ ജീവനക്കാരുടെ മികവും മികച്ച കസ്റ്റമർ സപ്പോർട്ടുമാണെന്ന് സ്ഥാപകനും സിഇഒയുമായ അൻവർ പറയുന്നു. പ്രതിഭയുള്ളവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി വളർത്തി എടുക്കുന്നതാണ് മോസിലോറിന്റെ രീതി.
അതിനായി മോസിലോർ ലീഡർ ഡവലപ്മെന്റ് പ്രോഗ്രാം (എംഎൽഡിപി) കോഴ്സും നടത്തുന്നുണ്ട്. ജോലിയിൽ 4-5 വർഷം പൂർത്തിയാക്കിയവരെയാണ് എംഎൽഡിപിയിലേക്ക് തിരഞ്ഞെടുക്കുന്നത്.
ബിസിനസ് വളർച്ചയ്ക്കൊപ്പം ജീവനക്കാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനും മോസിലോർ പ്രാധാന്യം കൊടുക്കുന്നു.ജീവനക്കാർക്കെല്ലാം ബോണസും വാർഷിക ചിൽഔട്ട് ട്രിപ്പും മോസിലോർ ഒരുക്കുന്നുണ്ട്. ജനുവരിയിൽ എല്ലാ ജീവനക്കാരെയും ഇന്റർനാഷനൽ ട്രിപ്പിനു കൊണ്ടുപോകാനുള്ള പദ്ധതിയിലാണ് അൻവറും സംഘവും.
വെള്ളിമാടുകുന്ന് സ്വദേശിയായ സാലിക്കുട്ടിയാണ് മോസിലോറിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
മാർഗനിർദേശങ്ങളുമായി ലണ്ടനിലെ ഓഫിസിൽ അൻവറും ഫിനാൻഷ്യൽ ഡയറക്ടറായ ഭാര്യ ഫസീലയുമുണ്ട്.ഇന്റർനെറ്റ് ബ്രൗസിങ്ങിൽ സ്വകാര്യതാ നിയന്ത്രണത്തിനു ലോകത്തെങ്ങും കൂടുതൽ പ്രാധാന്യം വന്നു തുടങ്ങിയതോടെ ഇനിയുള്ള വർഷങ്ങളിൽ ഇന്ത്യയിലടക്കം നിയമങ്ങൾ ശക്തമാകുമെന്നും അതു മോസിലോറിന്റെ കൂടുതൽ വളർച്ചയ്ക്കു വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അൻവറും സംഘവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

