ഗാസയിലേക്ക് സഹായങ്ങളുമായി നീങ്ങിയ കപ്പൽ വ്യൂഹം തടഞ്ഞ സംഭവത്തിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കണമെന്ന് തുർക്കിയുടെ ഔദ്യോഗിക ആവശ്യം. ഇന്റർപോളിന്റെ റെഡ് നോട്ടീസ് ഉൾപ്പെടെയുള്ള നിയമനടടികൾ സ്വീകരിക്കാനായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് ഔദ്യോഗിക ശുപാർശ നൽകിയതായി തുർക്കി നിയമമന്ത്രി വ്യക്തമാക്കി.
ഗാസയിൽ ഇസ്രയേൽ നടപ്പിലാക്കുന്ന സൈനിക ആക്രമണങ്ങളിൽ തുർക്കിയുടെ എതിർപ്പ് നേരത്തെ തന്നെ ശക്തമാണ്. ഗാസയിൽ വംശഹത്യയാണ് നടക്കുന്നതെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ഇതിനോടകം പലതവണ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഏകദേശം 430-ഓളം ജീവകാരുണ്യ പ്രവർത്തകരുമായി ഗാസ ലക്ഷ്യമാക്കി സഞ്ചരിച്ച ഫ്ലോട്ടില്ല കഴിഞ്ഞ മേയ് മാസത്തിലാണ് അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രയേൽ സൈന്യം തടഞ്ഞത്. ഈ നടപടി ലോകമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായി ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഈ വിഷയത്തിൽ നിയമപരമായ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ബെഞ്ചമിൻ നെതന്യാഹുവിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ അഫെക് മൊസ്കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തുർക്കി മന്ത്രി അകിൻ ഗുർലെക് എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു.
ജൂലൈ 14-ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, വ്യക്തിസ്വാതന്ത്ര്യം തടയൽ, മനഃപൂർവമുള്ള ആക്രമണം, സ്വത്ത് നശിപ്പിക്കൽ, കവർച്ച, വാഹനം തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ആശുപത്രിയും ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങൾ ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അഫെക് മൊസ്കോവിച്ച് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നതായി കുറ്റപത്രത്തെ ഉദ്ധരിച്ച് ഐ എച്ച് എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

