കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പിൽ നഗര പ്രദേശങ്ങളിലെ ബിജെപി വളർച്ച എൽഡിഎഫിലും ചർച്ചയാകുന്നു. കോഴിക്കോട് നോർത്ത്, സൗത്ത് അടക്കമുള്ള മണ്ഡലങ്ങളിലെ ഇടതു തോൽവിക്കു കാരണമായത് ബിജെപി നേടിയ വോട്ടുകളാണ്.
ഇടതുമുന്നണിയിൽ നിന്നു നഷ്ടമായ വോട്ടുകൾ നേരെ പോയത് യുഡിഎഫിലേക്കല്ല, മറിച്ച് ബിജെപിയിലേക്കായിരുന്നു. അത് ഇടതുമുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
നോർത്തിലെയും സൗത്തിലെയും തോൽവിയുടെ പ്രധാന കാരണം ബിജെപി നേടിയ വോട്ടാണെന്ന് എൽഡിഎഫ് സ്ഥാനാർഥികളായ തോട്ടത്തിൽ രവീന്ദ്രനും അഹമ്മദ് ദേവർകോവിലും പരസ്യമായി പറഞ്ഞു കഴിഞ്ഞു.
സിപിഎമ്മിന്റെ വോട്ട് ചോർച്ചയെ ബംഗാളിനോടാണ് തോട്ടത്തിൽ രവീന്ദ്രൻ ഉപമിച്ചത്. മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ സിപിഎമ്മിന്റെ വോട്ടു കൊണ്ടാണ് ബിജെപി വളരുന്നതെന്നും തോട്ടത്തിൽ ചൂണ്ടിക്കാട്ടി.
യുഡിഎഫ് വോട്ടാണ് ബിജെപിക്കു കിട്ടിയത് എന്നു പി.എ.മുഹമ്മദ് റിയാസ് അടക്കമുള്ളവർ വിശദീകരിക്കുന്നതിനിടെയാണു തോട്ടത്തിലിന്റെ വെളിപ്പെടുത്തൽ. തോട്ടത്തിലിന്റെ തുറന്നു പറച്ചിൽ സംബന്ധിച്ചു പാർട്ടിക്ക് അസംതൃപ്തിയുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതു ഗൗരവമായ ചർച്ചയ്ക്ക് എടുക്കേണ്ടി വരും.
കോഴിക്കോട് സൗത്തിൽ തന്റെ തോൽവിക്കു കാരണമായത് ബിജെപിയുടെ വളർച്ചയാണെന്ന് അഹമ്മദ് ദേവർകോവിലും ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടാണ് ബിജെപിയിലേക്കു പോയത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ പ്രവണത കണ്ടിരുന്നു. അതിൽ തിരുത്തലുണ്ടാകുമെന്നു പ്രതീക്ഷിച്ചു.
എന്നാൽ മാറ്റമുണ്ടായില്ല എന്നാണു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറയുന്നു. ഇതോടെ ബിജെപി വളർച്ച പ്രകടമായിട്ടും തടയിടാൻ സിപിഎമ്മിനു കഴിഞ്ഞില്ല എന്ന തരത്തിലേക്കാണു ചർച്ചകൾ വഴിതിരിയുന്നത്.
കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വാർഡ് വിഭജനം നടത്തി കോർപറേഷൻ ബിജെപിക്ക് സീറ്റ് ഇരട്ടിയാക്കി കൊടുക്കാൻ സിപിഎം സഹായിച്ചെന്ന ആരോപണം നേരത്തെ യുഡിഎഫ് ഉന്നയിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ട് കണക്കുകൾ പുറത്തു വന്ന ഉടനാണ് യുഡിഎഫ് കണക്കുകൾ സഹിതം ആരോപണം ഉന്നയിച്ചത്. ആ വിമർശനങ്ങൾക്കു ശക്തിപകരുന്നതാണ് ഇടതുമുന്നണിയിൽ നിന്നു തന്നെയുള്ള നേതാക്കളുടെ തുറന്നു പറച്ചിലുകൾ.
വോട്ടുകൾ കൂടിയത് ഇങ്ങനെ
ബിജെപിയുടെ സിറ്റി ജില്ലാ പരിധിയിലുള്ള നാലു മണ്ഡലങ്ങളിൽ ഇത്തവണ 23,576 വോട്ടാണ് കൂടിയത്.
വടകര കേന്ദ്രീകരിച്ചുള്ള നോർത്ത് ജില്ലാ പരിധിയിലെ നാലു മണ്ഡലങ്ങളിൽ 14,195 വോട്ടു കൂടി. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ് 39,899 വോട്ട് നേടി.
കഴിഞ്ഞ തവണ എം.ടി.രമേശ് നേടിയ 30, 952 വോട്ടിൽനിന്നാണ് ബിജെപി ഇത്തവണ 8947 വോട്ടിന്റെ വർധനയുണ്ടാക്കിയത്.
കോഴിക്കോട് സൗത്ത് ബിജെപി സ്ഥാനാർഥി ടി.രനീഷ് 32,463 വോട്ട് നേടി. പുതിയറ, പൊറ്റമ്മൽ, കുതിരവട്ടം, മെഡിക്കൽ കോളജ്, കൊമ്മേരി, മാങ്കാവ്, പുതിയപാലം പ്രദേശങ്ങൾ ഉൾപ്പെടുന്ന ബിജെപിയുടെ പുതിയറ സംഘടനാ മണ്ഡലത്തിൽ 20,549 വോട്ടുമായി രനീഷാണ് ഒന്നാമത്.
കഴിഞ്ഞ തവണ ബിജെപിക്ക് 24,873 വോട്ടു മാത്രമാണ് ലഭിച്ചത്. 7590 വോട്ടാണ് ഇവിടെ കൂടിയത്.
കുന്നമംഗലത്ത് ബിജെപി മുൻ ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ 34,435 വോട്ടു നേടി. കഴിഞ്ഞ തവണ 27, 672 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്.
6763 വോട്ടാണ് വർധിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

