സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കേരള ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയയുടെ വീഡിയോ സമൂഹത്തിൽ തന്റെ സ്വകാര്യതയും മാന്യതയും തകർത്തെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
ഈ വിഷയത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പോലീസ് നടപടി ചോദ്യം ചെയ്ത് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉത്തരവാണ് ഉണ്ടായത്.
ഈ സാഹചര്യത്തിൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്നാണ് അൻസിബയുടെ പ്രധാന ആവശ്യം. അതിനിടെ, ഈ വിഷയവുമായി ബന്ധപ്പെട്ട് നടി ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
‘അമ്മ’ സംഘടനയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ഹർജിയുടെ പശ്ചാത്തലത്തിലാണ് മുൻസിഫ് കോടതിയിൽ ശ്വേത സത്യവാങ്മൂലം നൽകിയത്.
കേസിൽ തന്നെ കക്ഷി ചേർക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും വ്യക്തിപരമായ പ്രതികാരം തീർക്കാനാണ് തന്റെ പരാതിയിൽ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്നുമാണ് ശ്വേത സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.
‘അമ്മ’യുടെ പ്രസിഡന്റായി തുടരുക എന്നത് നിയമപരമായി തന്റെ അവകാശമാണെന്നും, കേസ് നീട്ടിക്കൊണ്ടുപോകാൻ അൻസിബ അനാവശ്യ ഹർജികളുമായി സമീപിക്കുകയാണെന്നും ശ്വേത കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

