കോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഎച്ച്എംഎസ് വിദ്യാർഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ കോളജിൽ നിന്നും ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
ഇവർക്ക് ഹോസ്റ്റലിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. നാലാം വർഷ ബിഎച്ച്എംഎസ് വിദ്യാർഥികളായ ടി.കെ.സുഹൈൽ അലി, ബി.അഭിജിത്ത്, മൂന്നാം വർഷ വിദ്യാർഥി എൻ.വി.ഹൃഷികേശ്, രണ്ടാം വർഷ വിദ്യാർഥി അഖിൽ റഹ്മാൻ എന്നിവർക്കെതിരെയാണ് കോളജിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പ്രിൻസിപ്പൽ നടപടി എടുത്തത്.
വീട്ടിൽ നിന്നും വന്നു പോകുന്ന ഒന്നാം വർഷ വിദ്യാർഥിയെ നാലു പേരും കോളജിൽ ഇവർ താമസിക്കുന്ന ഹോസ്റ്റലിലേക്കു വിളിച്ചു വരുത്തി റാഗ് ചെയ്തെന്നാണ് പരാതി.
കുട്ടിക്ക് ഒപ്പം മറ്റു രണ്ടു പേരെ കൂടി റാഗ് ചെയ്തെങ്കിലും അവൻ പിടിച്ചു നിൽക്കുകയായിരുന്നു. വ്യാഴാഴ്ച ചേർന്ന ആന്റി റാഗിങ് കമ്മിറ്റി മുൻപിലും കുട്ടി ഹാജരായില്ല.
റാഗിങ്ങിൽ മനംനൊന്ത് പഠനം അവസാനിപ്പിക്കേണ്ട മാനസികാവസ്ഥയിലാണ് കുട്ടിയെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് കോളജ് അധികൃതർക്ക് ലഭിച്ച വിവരം.
അതിനാൽ കുട്ടിയെ കോളജിൽ അധ്യാപകർ ഉൾപ്പെടെ വീട്ടിൽ ചെന്നു കണ്ടു കൗൺസലിങ് നൽകും. ഒരു മാസത്തിനു ശേഷം ആന്റി റാഗിങ് കമ്മിറ്റി വീണ്ടും യോഗം ചേരും.
അതിനു ശേഷമാണ് പരാതി പൊലീസിലേക്കു കൈമാറുന്നതു സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. വാർഡന്റെ അനുമതിയില്ലാതെ ഹോസ്റ്റലിലേക്കു മറ്റു വിദ്യാർഥികൾക്കു പ്രവേശനമില്ല.
രാത്രി 9.30ന് ഹോസ്റ്റൽ അടയ്ക്കും.
∙ പ്രതിഷേധവുമായി കെഎസ്യു പ്രവർത്തകർ
ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു പ്രവർത്തകർ രാവിലെ കോളജിൽ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ് നാജിയ നസ്രിൻ, സെക്രട്ടറി ടി.അശ്വനി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥിയെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികളായ എസ്എഫ്ഐ നേതാക്കന്മാരെ കോളജിൽ നിന്ന് പുറത്താക്കണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ആവശ്യപ്പെട്ടു.
കുറ്റക്കാരായ വിദ്യാർഥികളെ താൽക്കാലിക സസ്പെൻഷനിൽ ഒതുക്കി രക്ഷപ്പെടുത്താനാണ് കോളജ് അധികൃതരുടെ ശ്രമമെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് കെഎസ്യു നേതൃത്വം നൽകുമെന്നും സൂരജ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

