കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ ജില്ലകളിൽ നടപ്പിലാക്കുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ പരിശോധന അവതാളത്തിൽ. പരിശോധനാ യാത്രകൾക്കായി ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുവാൻ വാഹന ലഭ്യതയില്ലാത്തതാണ് പ്രധാന പ്രതിസന്ധി.
വാഹന ഉടമകൾക്ക് നൽകേണ്ട വാടക ഇനത്തിലുള്ള തുക കഴിഞ്ഞ ആറു മാസമായി കുടിശികയാണ്.
ഇതോടെ പല പ്രദേശങ്ങളിലേക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുവാൻ ഉദ്യോഗസ്ഥർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൂടാതെ, റോഡ് നിർമാണത്തിനായി ഭൂമി ഏറ്റെടുത്ത പ്രദേശങ്ങളിൽ ഉടമകളുടെ രേഖകൾ പരിശോധിച്ച് അർഹമായ നഷ്ടപരിഹാരം നൽകാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും കിഫ്ബിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാടക വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം വരെയുള്ള വാടക മാത്രമാണ് ഇതിനോടകം അനുവദിച്ചിട്ടുള്ളത്.
ഓരോ വാടക വാഹനത്തിനും ആറു മാസത്തെ തുകയാണ് നിലവിൽ കുടിശികയായിട്ടുള്ളത്. ഇത് പ്രകാരം ഓരോ വാഹനത്തിനും 2.4 ലക്ഷം രൂപയാണ് കുടിശിക ലഭിക്കാനുള്ളത്.
സ്വന്തം ആഭരണങ്ങൾ പണയം വെച്ചും മറ്റ് മാർഗ്ഗങ്ങളിലൂടെ വായ്പയെടുത്തും ആണ് വാഹനങ്ങളുടെ ഇന്ധനച്ചെലവുകൾ കണ്ടെത്തുന്നതെന്ന് വാഹന ഉടമകൾ വ്യക്തമാക്കി. കിഫ്ബി പദ്ധതികളുടെ നടത്തിപ്പിനായി കോടികളുടെ ഫണ്ട് ലഭ്യമാണെങ്കിലും, സർക്കാരിന്റെ ഫിനാൻസ് വിഭാഗത്തിലേക്ക് ഫണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന വിമർശനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
കഴിഞ്ഞ തവണ ഓഫീസ് പ്രവർത്തനങ്ങൾക്കായി ഫിനാൻസ് വിഭാഗം 11 കോടി രൂപ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആവശ്യപ്പെട്ട
മുഴുവൻ തുകയും നൽകാത്ത സാഹചര്യത്തിൽ ഫിനാൻസ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ അനുവദിച്ച തുക തിരിച്ചയക്കുകയായിരുന്നു. എന്നാൽ തുടർന്ന് കിഫ്ബിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

