അളന്നു കുറിച്ച് കുറിക്കുകൊള്ളുന്ന ഡയലോഗുകളും അതിനു ചേർന്ന ഭാവങ്ങളുമായിരുന്നു കോട്ടയം സഹോദയ കലോത്സവ മോണോ ആക്ട് വേദിയിൽ എസ്.ഗായത്രിയുടെ വിജയരഹസ്യം. ഗായത്രി ‘സൊന്നതുക്കു മേലേ’ മറ്റാർക്കും ഒന്നും ചെയ്യാനില്ലാതെ വന്നതോടെ നാലാം വർഷവും മോണോ ആക്ടിലെ ഫസ്റ്റ് എ ഗ്രേഡ് ഗായത്രിക്കൊപ്പം പോന്നു.
ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ എസ്.ഗായത്രി മൂന്നാം കാറ്റഗറിയിലെ വേദിയിൽ അവതരിപ്പിച്ചത് രണ്ട് കാലഘട്ടങ്ങളിലെ ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. ഗുരുക്കന്മാർ ശിഷ്യരെ കൂടെകൂട്ടി അറിവ് നൽകിയ കാലവും ഇപ്പോൾ പണം ഇല്ലാത്തതിന്റെ പേരിൽ മരണത്തിലേക്ക് തള്ളിവിടുന്ന വിദ്യാഭ്യാസ സമ്പ്രദായവും വിവരിക്കുന്നതായിരുന്നു ഇതിവൃത്തം.
പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ആരംഭിച്ച കോട്ടയം സഹോദയ കലോത്സവത്തിൽ 110 സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. ലേറ്റാകാതെ, എന്നാൽ ലേറ്റസ്റ്റായി കത്തിക്കയറിയാണ് കുട്ടിത്താരങ്ങൾ മേളയിൽ തിളങ്ങുന്നത്.
‘സീസൺ മാറലാം സിങ്കം മാറലാം.. ആനാ ഈ ഇളവരസികൾ എപ്പോതും ഒരേ മാതിരി താൻ’ – വേട്ടയ്യൻ സിനിമയിലെ ഈ ഡയലോഗ് പോലെ കലോത്സവത്തിൽ സിങ്കവും ഇളവരസികളുമെല്ലാം സഹോദരികളായ നിവേദിതയും നിരഞ്ജനയുമാണ്.
വയലിൻ, ശാസ്ത്രീയ സംഗീതം എന്നീ ഇനങ്ങളിൽ കലോത്സവത്തിലെ സ്ഥിരം വിജയികളാണിവർ. രണ്ടുപേരും കൂടി ഇതുവരെ നേടിയത് 13 ഫസ്റ്റ് എ ഗ്രേഡുകളാണ്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ എസ്.നിവേദിത നാലാം വർഷമാണ് സമ്മാനനേട്ടം തുടരുന്നത്. വയലിനിലും ശാസ്ത്രീയ സംഗീതത്തിലും 8 തവണ ഒന്നാമതെത്തി.
സഹോദരി എസ്.നിരഞ്ജന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. വയലിനിൽ അഞ്ച് വർഷമായി വിജയ നേട്ടം ഇവർ ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

