തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സാ പിഴവുണ്ടായതായി മാതാപിതാക്കളുടെ പരാതി. ലുക്കീമിയ ബാധിച്ച് ചികിത്സയിലുള്ള ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് കുടുംബം രംഗത്തെത്തിയത്.
ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് കാനുലയിട്ടത് അണുവിമുക്തമാക്കാതെയാണെന്നാണ് പ്രധാന ആരോപണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ കയ്യില്‍ ഗുരുതരമായി അണുബാധയേറ്റതായും അടിയന്തര ശസ്ത്രക്രിയ വേണമെന്നും കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ആര്‍സിസി ഡയറക്ടര്‍ക്കും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. നഴ്സിംഗ് സ്റ്റാഫ് നടത്തിയ രക്തസമ്മര്‍ദ്ദ പരിശോധനയിലും വലിയ അശ്രദ്ധയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു.
നടപടികളിലെ വീഴ്ചയെത്തുടര്‍ന്ന് കുട്ടിക്ക് അസഹനീയമായ വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടു. എന്നാല്‍, നിരന്തരം പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ആദ്യഘട്ടത്തില്‍ യാതൊരുവിധ ഇടപെടലുകളും ഉണ്ടായില്ലെന്നും കുടുംബം വ്യക്തമാക്കി.
നിലവില്‍ കുഞ്ഞിന്റെ കൈയുടെ നിറം മാറി ഗുരുതരമായി വീര്‍ത്ത നിലയിലാണ്. മാതാപിതാക്കളുടെ വാക്കുകൾ ഇങ്ങനെ: “മകന് ഒരു ബോണ്‍മാരോ ടെസ്റ്റ് നടത്തിയിരുന്നു.
മകന് റെയര്‍ ടൈപ്പ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തിരിച്ചു വരാന്‍ സാധ്യതയുള്ള രോഗം തന്നെയാണെന്ന് ഞങ്ങള്‍ മനസിലാക്കിയിരുന്നു.
ഇപ്പോള്‍ എന്റെ കുഞ്ഞ് വെന്റിലേറ്റര്‍ വരെയെത്താന്‍ ഉണ്ടായ സാഹചര്യം ഇവിടുത്തെ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് നിന്നുണ്ടായ പിഴവാണ്. അവനത് തീരെ സഹിക്കാന്‍ പറ്റുന്നില്ല, വേദനിക്കുന്നുണ്ട്, നീരിവെക്കുന്നുണ്ട് എന്നെല്ലാം കഴിഞ്ഞ ഒന്‍പത് ദിവസമായി ഞാന്‍ പറയുന്നുണ്ട്.
എന്നിട്ടും അതിലെന്ത് ചെയ്യുമെന്ന് ആരും എന്നോട് പറഞ്ഞുതന്നിട്ടില്ല. നീരിറങ്ങി കുഞ്ഞിന്റെ നെഞ്ചത്ത് വരെയായിട്ട് എനിക്കവനെ ഒന്നെടുക്കാന്‍ പോലും പറ്റുന്നില്ല.” തുടര്‍ച്ചയായ ഒന്‍പത് ദിവസം കുഞ്ഞ് ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടും ഒരു ഡോക്ടര്‍ പോലും പരിശോധിക്കാന്‍ എത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.
തുടര്‍ന്ന് ഡയറക്ടറെ കണ്ട് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ഒരു വിദഗ്ധ സംഘത്തെ പരിശോധനയ്ക്കായി അയച്ചത്. കുഞ്ഞിന്റെ നില കണ്ട
ആ സംഘം പോലും ഞെട്ടിപ്പോയെന്നും അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് അവര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.
കുഞ്ഞിന്റെ നിലവിലെ ആരോഗ്യസ്ഥിതി ലുക്കിമിയ രോഗത്തിന്റെ ഭാഗമായുള്ള സ്വാഭാവിക മെഡിക്കല്‍ കണ്ടീഷന്‍ ആണോ എന്നും ആശുപത്രി അധികൃതര്‍ പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

