ദുബായിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ സ്വരൂപിച്ച സമ്പാദ്യം മുഴുവൻ വിനിയോഗിച്ചാണ് കോട്ടയം കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ തന്റെ സ്വപ്നഭവനം നിർമിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിക്കപ്പെട്ട വർഷം തന്നെ വീടിന്റെ നിർമാണം പൂർത്തിയായെങ്കിലും, അലൈൻമെന്റിൽ വീട് ഉൾപ്പെട്ടത് കുടുംബത്തിന് വലിയ പ്രതിസന്ധിയായി.
എം.ടി സെമിനാരി സ്കൂളിലെ വിരമിച്ച ഡെപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത് ജോൺ, മകന്റെ മാനസിക വിഷമം കണക്കിലെടുത്ത് തുടക്കത്തിൽ ഇക്കാര്യം മറച്ചുവെക്കുകയും, പിന്നീട് മകന്റെ അറിവില്ലാതെ തന്നെ സമരമുഖത്ത് സജീവമാവുകയും ചെയ്തു. പദ്ധതി അഞ്ച് വർഷമായി മരവിച്ച അവസ്ഥയിലാണെങ്കിലും, അന്തിമ തീർപ്പുണ്ടാകാതെ താമസം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ഈ കുടുംബം.
നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് തീരുമാനം. അതിനിടെ, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്പന്തൽ 1490-ാം ദിവസത്തിലേക്ക് കടന്നു.
പദ്ധതി പിൻവലിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്നാണ് സമിതിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ, ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സമരസമിതി പ്രവർത്തകർ വ്യക്തമാക്കി.
ഔദ്യോഗിക ഉത്തരവ് ലഭ്യമാകുന്നതോടെ സമരം പൂർണമായി പിൻവലിക്കും. ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ‘വിക്ടറി ഡേ’ ആഘോഷിക്കും.
പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ മാടപ്പള്ളിയിലുണ്ടായ സംഘർഷങ്ങളുടെ മുറിപ്പാടുകൾ ഇപ്പോഴും പ്രദേശവാസികളിൽ മായാതെ നിൽക്കുന്നു. സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) സമരവേദിയിൽ വികാരഭരിതയായി സംസാരിച്ചു.
“ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.” എന്നാണ് സോമിയ പറഞ്ഞത്. പദ്ധതി പിൻവലിച്ച പ്രഖ്യാപനത്തിന് പിന്നാലെ റോസ്ലിനും സോമിയയും സമരസ്ഥലത്തെത്തിയിരുന്നു.
അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന സോമിയയുടെ ദൃശ്യം സമരപ്പന്തലിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

