എരുമേലി∙ നഗരത്തിലും പരിസരങ്ങളിലും മാലിന്യം നിറഞ്ഞു. ജലാശയങ്ങളും തോടുകളിലും വ്യാപകമായി മാലിന്യം തള്ളിയ നിലയിലാണ്.
കച്ചവടക്കാരും ശബരിമല തീർഥാടകരും മാലിന്യം തള്ളിയിട്ടുണ്ട്. വിശുദ്ധി സേന ദിവസം 2 ലോഡ് മാലിന്യമാണ് നഗരത്തിൽനിന്ന് നീക്കുന്നത്.
എന്നാൽ തീർഥാടന വഴിയിലും പ്രധാന കേന്ദ്രങ്ങളിലും മാത്രമാണ് ഇവരുടെ സേവനം ലഭ്യമായിട്ടുള്ളത്. ബാക്കി മേഖലകളിൽ വ്യാപകമായി മാലിന്യം തള്ളുകയാണ്.
വെള്ളം താഴ്ന്ന് ഒഴുക്ക് നിലച്ചതോടെ തോടുകളും ജലാശയങ്ങളും കൂടുതൽ മലിനമായി.
തോടുകളിലേക്ക് എല്ലാ സ്ഥലങ്ങളിൽനിന്നും മാലിന്യം തള്ളുന്നുമുണ്ട്. നഗരത്തിൽ ശുചിമുറി മാലിന്യം വരെ തോടുകളിലേക്ക് തള്ളുന്നതായി പരാതികളുണ്ട്.
ആയിരക്കണക്കിനു തീർഥാടകർ കുളിക്കുന്ന ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോടാണ് ഏറ്റവും മലിനം. സിന്ദൂരവും ചെളിയും എണ്ണയും നിറഞ്ഞ് തോട്ടിലെ ജലം കുഴമ്പുരൂപത്തിലാണ്.
ഇതിലാണ് തീർഥാടകർ കുളിക്കുന്നത്.
തോട്ടിലെ ജലം മലിനമായിട്ടും പരിശോധനകൾ കൃത്യമായി നടത്തുകയോ കൃത്യമായ റിപ്പോർട്ട് പുറത്തുവിടുകയോ ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. നഗര ഹൃദയത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലും മാലിന്യം നിറഞ്ഞ് ദുർഗന്ധം പരക്കുകയാണ്. കച്ചവട
സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് തോട്ടിലേക്ക് തള്ളുന്നത്. ശുചിമുറി മാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നതായി പറയുന്നു.
തോട്ടിലെ ജലത്തിനു രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
പഞ്ചായത്ത് ഓഫിസിനു പിന്നിലൂടെയുള്ള ഇടത്തോട്ടിലേക്കു ശുചിമുറിമാലിന്യ അവശിഷ്ടങ്ങൾ തള്ളുന്നതായും പരാതിയുണ്ട്. ഈ മാലിന്യങ്ങൾ എല്ലാം മണിമല ആറ്റിലെ കൊരട്ടി ഭാഗത്താണ് എത്തുന്നത്.
ഇതോടെ ആറ്റിലെ ജലവും മലിനമാകുന്ന സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

