പുനലൂർ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ പുതിയ ഫ്ലാറ്റ് സമുച്ചയം നിർമാണം അന്തിമഘട്ടത്തിൽ. മൂന്നു മാസത്തിനുള്ളിൽ സമുച്ചയം തുറന്നുനൽകും.
2 നിലകളിലായി 6 ഫ്ലാറ്റുകൾ ഉള്ള സമുച്ചയത്തിന്റെ നിർമാണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഇതിനായി 1.96 കോടി രൂപ അനുവദിച്ചിരുന്നു. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷനായിരുന്നു നിർമാണച്ചുമതല.
പുനലൂർ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫിസിനും മധ്യേയുള്ള ഭാഗത്തെ പഴയ ക്വാർട്ടേഴ്സ് പൊളിച്ചു നീക്കിയ സ്ഥലത്താണു നിർമാണം നടത്തിയത്.
പഴയ ക്വാർട്ടേഴ്സുകൾ നീക്കം ചെയ്തു പുതിയ ക്വാർട്ടേഴ്സുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ‘മനോരമ’ ഒട്ടേറെ വാർത്തകൾ നൽകിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് 250 മീറ്റർ അകലെയാണ് പുതിയ ഫ്ലാറ്റ് സമുച്ചയം.
ട്രെയിനിനെ ആശ്രയിച്ചു യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരനുഗ്രഹമായിരിക്കും.
പൊലീസ് സബ് ഡിവിഷൻ ആസ്ഥാനമായ ഇവിടെ മുൻപ് 48 ക്വാർട്ടേഴ്സുകളിലും പൊലീസ് ഉദ്യോഗസ്ഥർ പതിവായി താമസിക്കുന്നുണ്ടായിരുന്നു. എന്നാൽകാലപ്പഴക്കം മൂലം ക്വാർട്ടേഴ്സുകൾ വാസയോഗ്യമല്ലാതായി മാറി. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതായിരുന്നു കാരണം.
ആഭ്യന്തര വകുപ്പിനു പട്ടണത്തിൽ തന്ത്രപ്രധാനമായ സ്ഥലത്ത് 3 ഏക്കറിലധികം സ്ഥലം ഉണ്ടെങ്കിലും ബാക്കി ഭാഗങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്.
പഴയ ക്വാർട്ടേഴ്സുകൾ നീക്കം ചെയ്തു പൊലീസ് സ്റ്റേഷന് അനുബന്ധമായ ഇതര കെട്ടിടങ്ങളും കൂടുതൽ ക്വാർട്ടേഴ്സുകളും നിർമിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. നിലവിലുള്ള ക്വാർട്ടേഴ്സുകൾ 7 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. പരേഡ് ഗ്രൗണ്ട്, പാർക്കിങ് ഏരിയ, കളിസ്ഥലം എന്നിവയും അനുബന്ധമായി സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

