എരുമേലി ∙ തീർഥാടന നഗരമായ എരുമേലിക്ക് ഇന്ന് ചന്ദനക്കുടം ആഘോഷത്തിന്റെ ആഹ്ലാദരാവ്. വാദ്യമേളങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്ര നഗരം ചുറ്റുമ്പോൾ മതസാഹോദര്യത്തിന്റെ പ്രതീകമായി എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ സ്വീകരണം ഒരുക്കും.
ഒപ്പം ഘോഷയാത്രയിൽ ഉടനീളം ജാതിമത ഭേദമെന്യേ ജനങ്ങളും വിവിധ സംഘടനകളും സ്ഥാപനങ്ങളും സ്വീകരണം നൽകുന്നുണ്ട്.
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹല്ലാ മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുടം ആഘോഷം നടത്തുന്നത്. വൈകിട്ട് 3 ന് ആണ് അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടസംഘങ്ങളും മഹല്ലാ ജമാ അത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം നടക്കുന്നത്.
6 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.
മൂന്ന് ഗജവീരൻമാർ അണിനിരക്കും
കുളമാക്കിൽ പാർഥസാരഥി, ഉണ്ണിപ്പിള്ളി ഗണേശൻ, വേമ്പനാട്ട് വാസുദേവൻ എന്നീ ഗജവീരൻമാരാണ് ചന്ദനക്കുടം ഘോഷയാത്രയിൽ അണിനിരക്കുന്നത്.
ശിങ്കാരിമേളം, ചെണ്ടമേളം, തമ്പോലം, നിലക്കാവടി, ജിണ്ട് കാവടി, പോപ്പർ ഇവന്റ് തുടങ്ങിയവയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.
സ്വീകരണ സ്ഥലം, സമയം
∙ ചരള സി പടി (രാത്രി 8), ചരള പളളി (8.30 ), പ്രൈവറ്റ് ബസ് സ്റ്റാൻഡ് (9.30), പേട്ടക്കവല, കൊച്ചമ്പലം (10), സാമൂഹികാരോഗ്യകേന്ദ്രം (11.15), വലിയമ്പലം (11.30) , ചെമ്പകത്തുങ്കൽ സ്റ്റേഡിയം (11.50), പൊലീസ് സ്റ്റേഷൻ (പുലർച്ചെ 12.15), കെഎസ്ഇബി ഓഫിസ് (12.20) തിരിച്ച് – രാജാപ്പടി (12.50), കെഎസ്ആർടിസി (12.55), മാർക്കറ്റ് ജംക്ഷൻ, വാഴക്കാല (1.20), വിലങ്ങുപാറ (1.55) പള്ളി അങ്കണം (2.30).
എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
∙ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും റാന്നി – പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് – പതാലിപ്പടി (അമ്പലത്തിനു പിൻവശം) കരിമ്പിൻത്തോട് ചെന്ന് മുക്കട
വഴി പോകണം. ∙ കാഞ്ഞിരപ്പള്ളി കുറുവാമൂഴി ഭാഗത്തുനിന്ന് എരുമേലി – മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറമട – മഠംപടി വഴി പോകണം.
∙ മുണ്ടക്കയം ഭാഗത്തുനിന്ന് റാന്നി – പത്തനംതിട്ട
ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പ്രപ്പോസ് –എംഇഎസ് – മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വഴി പോകണം. ∙ റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മുക്കട
റബർബോർഡ് ജംക്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചാരുവേലി – കറിക്കാട്ടൂർ സെന്റർ – പഴയിടം – ചിറക്കടവ് വഴി പോകണം.
∙ പമ്പാവാലി ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്ഷനിൽ നിന്ന് തിരഞ്ഞ് പ്രപ്പോസ്– പാറമടയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോകണം. ∙ പമ്പാവാലി ഭാഗത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എംഇഎസ് കോളജ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് പ്രപ്പോസ് – പാറമട– പുലിക്കുന്ന് വഴി പോകണം.
കൂടുതൽ പൊലീസ്
എരുമേലിയിൽ 513 പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്.
ചന്ദനക്കുടം, പേട്ട ദിവസങ്ങളായ ഇന്നും നാളെയും 200 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അധികമായി നിയോഗിച്ചു.
ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ്, 4 എസ്എച്ച്ഒമാർ, 7 എസ്ഐമാർ എന്നിവരും ഉണ്ടാകുമെന്ന് എസ്എച്ച്ഒ ഇ.ഡി.
ബിജു അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

