കുറവിലങ്ങാട് ∙കോഴായിലെ സയൻസ് സിറ്റിയുടെ കവാടത്തിൽ സുരക്ഷയൊരുക്കുന്ന ചേലയ്ക്കൽ ജോയി ജോസഫ് (54) വെറുമൊരു സുരക്ഷാ ജീവനക്കാരൻ മാത്രമല്ല. രാജ്യാന്തര കായിക മത്സരത്തിലെ സ്വർണ മെഡൽ ജേതാവാണ്.
ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ 50 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ ഡിസ്കസ് ത്രോ ഇനത്തിൽ ജോയി സ്വർണം നേടി. 23 രാജ്യങ്ങളിൽ നിന്നു നാലായിരത്തിലധികം കായികതാരങ്ങൾ മത്സരിക്കുന്ന രാജ്യാന്തര മേളയാണിത്.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 48 താരങ്ങളെ പിന്തള്ളിയാണ് ജോയി സ്വർണം നേടിയത്.
ഇന്ത്യൻ ആർമി സപ്ലൈ കോറിൽ 26 വർഷം സേവനം അനുഷ്ഠിച്ച ശേഷം 9 വർഷം മുൻപ് വിരമിച്ച ജോയി സ്വന്തം നിലയിൽ പരിശീലനം നേടിയാണ് രാജ്യാന്തര മത്സരത്തിനിറങ്ങിയത്. അടുത്ത വർഷം സെപ്റ്റംബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കുകയാണ് അടുത്ത ലക്ഷ്യം.
1984ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇതിനു ശേഷം കാര്യമായ പരിശീലനം ഉണ്ടായില്ല. ആർമിയിൽ ചേർന്നപ്പോൾ വീണ്ടും പരിശീലനം ആരംഭിച്ചു.
ചെറിയ മീറ്റുകളിൽ വിജയം നേടിയിട്ടുണ്ടെങ്കിലും രാജ്യാന്തരതലത്തിൽ ഇതാദ്യമാണ് വിജയം എറിഞ്ഞു വീഴ്ത്തുന്നത്. ഭാര്യ :വിജി ജോയ്.
മക്കൾ:അജയ് (ആർമി), അജിൻ (വിദ്യാർഥി). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

