കോട്ടയം ∙ സൈബർ തട്ടിപ്പിനു ജില്ലയിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയത് സ്ത്രീകളും വിദ്യാർഥികളും. അബദ്ധത്തിൽ ആരെങ്കിലും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ടെങ്കിൽ അക്കൗണ്ട് ഉടൻ റദ്ദാക്കണമെന്നു പൊലീസ് മുന്നറിയിപ്പ്.
പാലാ സ്വദേശിനികളായ 2 സ്ത്രീകളുടെ അക്കൗണ്ടിലൂടെ നടന്ന ഇടപാടുകൾ 2 കോടി രൂപയുടേതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരെ കേന്ദ്രീകരിച്ച് തെലങ്കാന പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.
കുറിച്ചി സ്വദേശികളായ വിദ്യാർഥികളും അക്കൗണ്ട് വാടകയ്ക്ക് നൽകി.
ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ മാത്രം ഇതേ സ്വഭാവത്തിലുള്ള 10 കേസുകൾ റജിസ്റ്റർ ചെയ്തു. 7 പേരെ അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ സംഘടിത സാമ്പത്തിക കുറ്റകൃത്യം തടയുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
പാലാ സ്വദേശിനികളിൽ ഒരാൾ പാലക്കാടും മറ്റൊരാൾ ഇപ്പോൾ പത്തനംതിട്ടയിലുമെന്നാണ് പൊലീസ് കണ്ടെത്തൽ. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട
സ്വദേശികളും അക്കൗണ്ട് വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
മലപ്പുറം തൊടുപുഴ സ്വദേശികൾ സമൂഹമാധ്യമം വഴിയാണ് അക്കൗണ്ട് വാടകയ്ക്ക് എടുക്കാൻ യുവാക്കളെയും വീട്ടമ്മമാരെയും വിദ്യാർഥികളെയും റിക്രൂട്ട് ചെയ്തതെന്നു കണ്ടെത്തി. എന്നാൽ അക്കൗണ്ട് നിയന്ത്രിക്കുന്നയാളെ കണ്ടെത്താനായില്ല.
ടൂർ പോകാൻ കാശില്ല; ടൂർ കഴിഞ്ഞപ്പോൾ കേസ്
വീട്ടിൽ ടൂർ പോകാൻ പണം ചോദിച്ചപ്പോൾ മാതാപിതാക്കൾ നൽകിയില്ല. തുടർന്നു പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥികൾ പണം കണ്ടെത്താനുള്ള വഴി ആലോചിക്കുന്നു.
ഇതിനിടെ തൊടുപുഴയിലുള്ള സുഹൃത്ത് വഴി ഗെയിമിങ് സൈറ്റിനു സാമ്പത്തിക ഇടപാട് നടത്താൻ അക്കൗണ്ട് ആവശ്യമുണ്ടെന്ന് അറിയിച്ചു. വിദ്യാർഥികൾ 3 പേർ ചേർന്നു 3 അക്കൗണ്ടുകൾ ഒരേ സ്വകാര്യബാങ്കിൽ എടുത്തു.
തൊടുപുഴ സ്വദേശി എടിഎം കാർഡ്, സിം, പാസ്ബുക്ക്, ചെക്ക് എന്നിവ വിദ്യാർഥികളിൽനിന്നു വാങ്ങി. 10,000 രൂപ വീതം 3 വിദ്യാർഥികൾക്കും നൽകി.
ഈ പണവുമായി വിദ്യാർഥികൾ മൂന്നാറിനു യാത്ര പോയി. ഇവരുടെ അക്കൗണ്ട് വഴി 20 ലക്ഷം രൂപയുടെ ഇടപാട് നടന്നു.
വിളിക്കാം
സൈബർ തട്ടിപ്പിന് ഇരയായാൽ കോൾ സെന്റർ നമ്പർ : 1930
സൈബർ തട്ടിപ്പിലൂടെ എത്തിയ പണമാണിതെന്നു പൊലീസ് കണ്ടെത്തി.
തൊടുപുഴ സ്വദേശി എറണാകുളം സ്വദേശിക്കാണ് വിദ്യാർഥികളുടെ അക്കൗണ്ട് രേഖകൾ കൈമാറിയത്. കേസിന്റെ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

