ചങ്ങനാശേരി സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. സംഭവത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ജനറൽ സർജറി വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫസീന (49), പുതുപ്പറമ്പിൽ, ചങ്ങനാശേരിയാണ് വെളളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരണപ്പെട്ടത്. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ഹെർണിയ സംബന്ധമായ അസുഖത്തെ തുടർന്ന് ഹസീനയ്ക്ക് മെഡിക്കൽ കോളേജിൽ ലാപ്രോസ്കോപ്പിക് (താക്കോൽ ദ്വാര) ശസ്ത്രക്രിയ നടത്തിയത്.
തുടർന്ന് മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ വീട്ടിലെത്തിയതിനു പിന്നാലെ കടുത്ത പനി അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അണുബാധ മൂലമാണ് പനിയുണ്ടായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. പിന്നീട് ആരോഗ്യനില വീണ്ടും മോശമായതിനെത്തുടർന്ന് ഈ മാസം 27-ാം തീയതി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വയർ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ചികിത്സ തുടരുന്നതിനിടയിൽ ആരോഗ്യനില തീർത്തും വഷളാകുകയും ഒടുവിൽ മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മരണകാരണത്തിൽ വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതി ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
സംസ്കാരം ശനിയാഴ്ച രാവിലെ 10.30-ന് ചങ്ങനാശേരി പഴയപള്ളി ടൗൺ ജുമാ മസ്ജിദിൽ നടക്കും. ഭർത്താവ്: ഹസൻ കുഞ്ഞ്, മക്കൾ: ഹന്ന, ആസിഫ്.

