പൂഞ്ഞാർ∙ അത്ലറ്റിക്സിൽ ഇരട്ട നേട്ടം സ്വന്തമാക്കി വട്ടോത്ത് ചിന്നമ്മ ജോസഫ്.
വെറ്ററൻസ് അത്ലറ്റിക്സ് രംഗത്ത് 70 വയസ്സിനു മുകളിൽ വിഭാഗത്തിൽ ഇരട്ട നേട്ടമാണ് ചിന്നമ്മ സ്വന്തമാക്കിയിരിക്കുന്നത്.
വെറ്ററൻസ് അത്ലറ്റിക്സ് ഫെഡറേഷൻ കുന്നംകുളത്തു നടത്തിയ സംസ്ഥാന വെറ്ററൻസ് അത്ലറ്റിക്സ് മെഗാ ചാംപ്യൻഷിപ്പിൽ ഒരു കിലോമീറ്റർ നടത്തം, 100, 200, 400 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഇടുക്കി നെടുങ്കണ്ടത്ത് മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച 44-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 70 വയസ്സിനു മുകളിൽ വിഭാഗത്തിൽ പങ്കെടുത്ത ചിന്നമ്മ ജോസഫ് 200 മീറ്റർ, 400 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം, 4×100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനം എന്നിവയും നേടി തുടർച്ചയായ മികവ് തെളിയിച്ചു.സ്കൂൾ പഠനകാലം മുതൽ കായികരംഗത്തോട് അഭിനിവേശമുണ്ടായിരുന്ന ചിന്നമ്മ വിവാഹശേഷം ഇവിടേക്കു തിരിഞ്ഞു നോക്കിയിരുന്നില്ല. ഏതാനും വർഷം മുൻപ് പത്രത്തിൽ മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം സംബന്ധിച്ച വാർത്ത കണ്ടാണ് കായികരംഗത്തേക്ക് തിരികെയെത്തുന്നത്.
പരിശീലനം പുനരാരംഭിച്ച ചിന്നമ്മ ആദ്യ ശനിയാഴ്ചകളിൽ പാലായിൽ നടക്കുന്ന മാരത്തണുകളിലും പങ്കെടുക്കുന്നുണ്ട്.
ഈ മാസം തിരുവനന്തപുരത്തു നടക്കുന്ന മാസ്റ്റേഴസ് മത്സരങ്ങളിലും ചിന്നമ്മ മത്സരിക്കുന്നുണ്ട്. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിലും പങ്കെടുക്കാനുള്ള ആഗ്രഹത്തിലാണ് ഇവർ.
ഭർത്താവ് വി.വി.ജോസഫും 4 മക്കളും ചിന്നമ്മയുടെ ആഗ്രഹത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

