ചങ്ങനാശേരി ∙ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ തെരുവുനായയുടെ ആക്രമണത്തിൽ 3 വിദ്യാർഥികൾ അടക്കം 4 പേർക്ക് പരുക്ക്. എൽകെജി വിദ്യാർഥിയുടെ ചെവിയിൽ നായ കടിച്ചു.
പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷബാധയുണ്ടെന്നു പ്രാഥമിക പരിശോധനയിൽ സ്ഥിരീകരണം. എൽകെജി വിദ്യാർഥി ആദം ജോൺ (4), ഒന്നാം ക്ലാസ് വിദ്യാർഥി അയാന മരിയ ബിൻസായ് (6), സഹോദരൻ ഏഴാം ക്ലാസ് വിദ്യാർഥി ഏബേൽ സെബാസ്റ്റ്യൻ ബിൻസായ് (12), തൊഴിലുറപ്പു തൊഴിലാളി പുതുച്ചിറ തങ്കമ്മ കുമാരൻ (52) എന്നിവരെയാണു നായ കടിച്ചത്. ഇന്നലെ രാവിലെ 9.30ന് വാഴൂർ റോഡിൽ മടുക്കുംമൂട് ജംക്ഷനു സമീപം വെരൂർ സെന്റ് മേരീസ് എൽപി സ്കൂളിലാണ് സംഭവം.
കുട്ടികൾ സ്കൂളിലേക്ക് എത്തിക്കൊണ്ടിരുന്ന സമയത്താണു സംഭവം.
തുറന്ന ഗേറ്റിലൂടെ നായ ഓടിക്കയറുകയായിരുന്നു. ആദം ജോണിനെയാണ് ആദ്യം ആക്രമിച്ചത്. ദേഹത്തേക്കു ചാടിക്കയറിയ നായ ആദമിനെ മറിച്ചിട്ടു.
ചെവിഭാഗത്തു കടിയേറ്റു. തലയ്ക്കും പരുക്കുണ്ട്.
കാലിനും കൈക്കും മുറിവേറ്റു. ഒന്നാം ക്ലാസിൽ പഠിക്കുന്ന അയാനയെും സ്കൂളിലേക്കു വിടാൻ എത്തിയ സഹോദരൻ ചങ്ങനാശേരി എസ്ബി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥി ഏബേലിനെയും ആക്രമിച്ചു.
അയാനയെ കടിക്കാൻ ചീറിയടുത്ത തെരുവുനായയിൽനിന്ന് ഏബേൽ രക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് ചെറിയ മുറിവുണ്ട്.
ഏബേലിന്റെ കാലിൽ കടിക്കാൻ ശ്രമിച്ചെങ്കിലും പാന്റ്സിലാണ് കടി കൊണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഇവരുടെ പിതാവ് എസ്ബി കോളജ് അധ്യാപകൻ ബിൻസായ് സെബാസ്റ്റ്യൻ ഓടിയെത്തി കുട്ടികളെ രക്ഷിക്കുകയായിരുന്നു.
നായ പുറത്തേക്കിറങ്ങി ഓടുന്നതിനിടെയാണു തൊഴിലുറപ്പു തൊഴിലാളി തങ്കമ്മയുടെ കാലിൽ കടിച്ചത്. ആദമിനെ ജനറൽ ആശുപത്രിയിലെ പ്രതിരോധ കുത്തിവയ്പ്പിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 3 പേരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിരോധ കുത്തിവയ്പെടുത്തു.
പ്രദേശത്തെ ഇടവഴികളിലൂടെ പാഞ്ഞ തെരുവുനായ മറ്റു നായ്ക്കളെയും കടിച്ചിട്ടുണ്ട്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പ്രദേശത്ത് പ്രതിരോധ കുത്തിവയ്പ്പിനു നടപടി ആരംഭിച്ചതായി വാഴപ്പള്ളി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പാലായിൽ 3 നായ്ക്കളെ പിടികൂടി; ചെലവ് 13,000 രൂപ
പാലാ ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പാലാ സന്ദർശനത്തോട് അനുബന്ധിച്ച സുരക്ഷയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടികൂടാൻ നഗരസഭ ചെലവഴിച്ചത് 13,000 രൂപ. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് കണക്കവതരിപ്പിച്ചത്.
3 നായ്ക്കളെയാണു പിടികൂടിയത്.എറണാകുളത്തുനിന്ന് എത്തിയ ഡോഗ് സ്ക്വാഡാണു നായ്ക്കളെ പിടികൂടാൻ രംഗത്തിറങ്ങിയത്. പിടികൂടിയ നായ്ക്കളെ കൂട്ടിൽ സൂക്ഷിച്ച ശേഷം ഇവർ തന്നെ രാഷ്ട്രപതി പോയ ശേഷം തുറന്നുവിട്ടു.
സ്ക്വാഡിനുള്ള തുകയാണ് 13,000 രൂപ. നായ്ക്കളെ പിടികൂടിയത് പ്രോട്ടോക്കോളിന്റെ ഭാഗമാണെന്നു നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം പറഞ്ഞു.
23നാണ് രാഷ്ട്രപതി പാലായിൽ എത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

