സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള നിർണായക ബിൽ ഉപരിസഭയായ രാജ്യസഭയും പാസാക്കി. നേരത്തെ ലോക്സഭ ഈ ബിൽ പ്രത്യേക ചർച്ചകൾ കൂടാതെയാണ് അംഗീകരിച്ചിരുന്നത്.
രാഷ്ട്രപതിയുടെ ഔദ്യോഗിക ഒപ്പുകൂടി ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാകും. രാജ്യസഭയിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബിൽ പാസാക്കപ്പെട്ടത്.
ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുകളും അരങ്ങേറി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിൽ ലിസ്റ്റ് ചെയ്തിരുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത് സഹമന്ത്രി നിത്യാനന്ദ റായ് ആണ്.
ചർച്ചയിൽ ആദ്യ അവസരം ലഭിച്ച ജെബി മേത്തർ, മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ ‘കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ’ എന്ന വരികൾ മലയാളത്തിൽ ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചുതുടങ്ങിയത്. എന്നാൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ചൂണ്ടിക്കാണിക്കുകയും സഭയിൽ അമിത് ഷായുടെ അസാന്നിധ്യം ചോദ്യം ചെയ്യുകയും ചെയ്തത് ഭരണപക്ഷ ബെഞ്ചുകളിൽ പ്രകോപനത്തിന് ഇടയാക്കി.
തുടർന്ന് സംസാരിച്ച സി. സദാനന്ദനും വള്ളത്തോളിന്റെ കവിതയിലെ വരികൾ തന്നെയാണ് ഉദ്ധരിച്ചത്.
ഭാരതമെന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നാത്തവർക്ക് കേരളമെന്നു കേൾക്കുമ്പോൾ ചോര തിളയ്ക്കുന്നതിൽ അർത്ഥമില്ലെന്നും, ഭാരതത്തിന്റെ അഭിമാനത്തെ ഹനിക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട്ട് സവർക്കറുമായി ബന്ധപ്പെട്ട
ചോദ്യത്തിന്റെ പേരിൽ അധ്യാപകനെതിരെ ശിക്ഷാനടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരാമർശത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
തുടർന്ന് പി. സന്തോഷ് കുമാർ ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ ജെ.പി.
നഡ്ഡയും സഭയിൽ ഇടപെട്ടു. ബില്ലിനെ അനുകൂലിച്ചാണ് സംസാരിച്ചതെങ്കിലും സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ച് പി.
സന്തോഷ് കുമാർ, വി. ശിവദാസൻ, എ.എ.
റഹിം, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ് എന്നിവർ സഭയിൽ ശക്തമായി ഉന്നയിച്ചു.
കേരളത്തിലേത് ഡബിൾ എൻജിൻ സർക്കാറല്ലെന്നും മതേതര എൻജിനുള്ള സർക്കാരാണെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി. സഭയിൽ മുസ്ലിം ലീഗിനെ വിമർശിക്കുന്നവർ ചരിത്രം പഠിച്ച് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ വള്ളത്തോളിന്റെ വരികളെ ബോധപൂർവ്വം വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി സുരേഷ് ഗോപി പ്രതിരോധം തീർത്തു. അടിയന്തരാവസ്ഥക്കാലത്താണ് വള്ളത്തോൾ ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന് ഇത്തരം വരികൾ എഴുതാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ ഈ ബിൽ ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം തയ്യാറായില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

