കുമരകം ∙ മൂന്നു വർഷക്കാലത്തെ ദുരിതങ്ങൾക്ക് അറുതി. കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെയും സമീപന പാതയുടെയും ടാറിങ് കഴിഞ്ഞതോടെ ഇനി പാലം പണിയുടെ പേരിൽ ഗതാഗത തടസ്സങ്ങൾ ഉണ്ടാകില്ല.
കഴിഞ്ഞ നവംബർ ആദ്യം പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു. ടാറിങിനു വേണ്ടി കഴിഞ്ഞ 2 ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇരുകരകളിലെയും സമീപന പാതയിലെ നടപ്പാതയുടെയും പാലത്തിനു സമീപത്ത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലിയുമാണു പാലം പണിയുടേതായി ഇനി ബാക്കിയുള്ളത്.
ഈ ജോലികൾ ഗതാഗതത്തിനു തടസ്സം ഉണ്ടാക്കാതെ ചെയ്യാൻ കഴിയും. പാലത്തിന്റെ നിർമാണോദ്ഘാടനം 2022 മേയ് 10ന് നടന്നെങ്കിലും പാലം പണി തുടങ്ങിയത് നവംബർ ഒന്നിനായിരുന്നു.
നിലവിലുണ്ടായിരുന്ന പാലം പൊളിച്ചു കഴിഞ്ഞുള്ള 3 വർഷക്കാലം ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം മൂലം നാട്ടുകാർക്ക് ദുരിത യാത്രയായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട
ആറ്റാമംഗലം പള്ളി ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ പാലത്തിന്റെ തെക്കു വശത്തെ റോഡ് വശത്തു കൂടി ഓട
നിർമിച്ചു വെള്ളം തോട്ടിലേക്ക് വിടും. ഗുരുമന്ദിരം ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇവിടെയും ഓട
നിർമിക്കേണ്ടി വരും.
റോഡ് നിർമാണത്തിനു നടപടിയില്ല
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ വടക്ക് വശത്തെ താമസക്കാർക്കും കടക്കാർക്കും വേണ്ടിയുള്ള റോഡ് നിർമാണത്തിനു സ്ഥലം ഇനിയും ഏറ്റെടുത്തിട്ടില്ല. പാലം പണിതതോടെ വടക്കു വശത്തുള്ളവർക്കു അവിടേക്ക് പോകാൻ വഴിയില്ലാതായി.
ഇവർക്കായി സമീപന പാതയുടെ ഭാഗത്ത് നിന്ന് താഴേക്കു ഇരുമ്പ് കൊണ്ട് സ്റ്റെപ് നിർമിച്ചു നൽകി. സ്ഥലം ഏറ്റെടുത്തു നൽകിയാൽ റോഡ് നിർമാണവും പൂർത്തിയാക്കുമെന്നു കരാറുകാരൻ അലക്സ് പെരുമാലിൽ പറഞ്ഞു.
കിഴക്കേക്കരയിലെ വടക്ക് വശത്തേക്കുള്ള പോകാനുള്ള റോഡ് നിർമിച്ചു.
താൽക്കാലിക റോഡ് പൊളിക്കും
പാലം പൊളിച്ചപ്പോൾ ചെറുവാഹനങ്ങൾക്കു പോകാൻ തെക്ക് വശത്ത് തോടിനു കുറുകെ താൽക്കാലിക റോഡ് പണിതിരുന്നു. പാലം പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്തതിനാൽ ഇനി താൽക്കാലിക റോഡിന്റെ ആവശ്യമില്ല.
സമീപനപാതയിലെ നടപ്പാതയുടെയും ഓടയുടെ നിർമാണവും പൂർത്തിയാകുന്ന മുറയ്ക്ക് താൽക്കാലിക റോഡ് പൊളിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

