നോവൽ രചിച്ച് തിരക്കഥാകൃത്തായി ലാജോ ജോസ് റൂത്തിന്റെ ലോകത്ത് വിരിഞ്ഞ ‘ബോഗയ്ൻവില്ല’
കോട്ടയം∙ ‘ജ്യോതിർമയിക്ക് പുരസ്കാരം കിട്ടുമോ എന്നറിയാനാണ് വാർത്ത കണ്ടത്. അപ്പോഴാണ് എന്റെ പേര് പുരസ്കാര ജേതാക്കൾക്കൊപ്പം മന്ത്രി വായിക്കുന്നത്.
ഞെട്ടിപ്പോയി. സ്വപ്നമാണോ സത്യമാണോ എന്ന് മനസ്സിലാക്കാൻ പറ്റിയില്ലന്നൊക്കെ ആളുകൾ പറയാറില്ലേ..’– മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം സംവിധായകൻ അമൽ നീരദിനൊപ്പം നേടിയ ഏറ്റുമാനൂർ സ്വദേശിയും എഴുത്തുകാരനുമായ ലാജോ ജോസിന്റെ വാക്കുകളിൽ അവിശ്വസനീയതയും സന്തോഷവും. ലാജോയുടെ നോവലായ ‘റൂത്തിന്റെ ലോക’ത്തിൽ നിന്നാണ് ‘ബോഗയ്ൻവില്ല’ സിനിമയുടെ തിരക്കഥ ഇരുവരും രൂപപ്പെടുത്തിയത്.
തന്റെ ആദ്യ സിനിമയിലൂടെ ലഭിച്ച പുരസ്കാര നേട്ടത്തിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് ലാജോ ജോസ്.
‘കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കാനായിരുന്നു ഇഷ്ടം. അവസരം തേടി അലഞ്ഞു.
നടനായി കയറിപ്പറ്റാനാകില്ലെന്ന് കണ്ടപ്പോഴാണ് തിരക്കഥ പയറ്റിത്തുടങ്ങിയത്. അന്നുവരെ ഒരു കുഞ്ഞുകഥ പോലും എഴുതിയിട്ടില്ലാത്ത ഞാൻ 2010ൽ തിരക്കഥയെഴുതാൻ തുടങ്ങി.
എഴുത്തിൽ ശ്രദ്ധിക്കാനായി ഇൻഷുറൻസ് കമ്പനിയിലെ ജോലി രാജി വച്ചു. എന്നാൽ സംവിധായകരെയൊന്നും കാണാനായില്ല. ‘ലാജോ എന്നൊരു എഴുത്തുകാരൻ ഇവിടെയുണ്ടെന്ന് സംവിധായകരെ അറിയിക്കണമല്ലോ.
അങ്ങനെ തിരക്കഥകളെ നോവലുകളാക്കി മാറ്റി. അങ്ങനെ പിറവിയെടുത്ത നോവലാണ് ‘റൂത്തിന്റെ ലോകം’.
‘ഈ നോവൽ വായിച്ചാണ് അമൽ നീരദ് 2020 ഫെബ്രുവരിയിൽ എന്നെ വിളിച്ചതും തിരക്കഥയാക്കാൻ നിർദേശിച്ചതും.
അദ്ദേഹത്തിന്റെ സഹായത്തോടെ ജൂണിൽ പൂർത്തിയാക്കി. തിരക്കഥകളുമായി ഇപ്പോഴും സംവിധായകരെ കാണാൻ ശ്രമിക്കുന്നുണ്ട്.
നോവലെഴുത്തും ഇപ്പോൾ എന്റെ ജീവിതമാണ്. മാസങ്ങൾക്കുള്ളിൽ അടുത്ത നോവൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.’– ലാജോ പറഞ്ഞു.
എഴുതും പാടും, ‘ക്വീൻ ഓഫ് ദ് നൈറ്റ്’‘ലോക’ സംഗീതത്തിൽ ലൈവ് ആയി സേബ
കോട്ടയം ∙ ‘ലോക’ സിനിമയിൽ ഗായിക സേബ ടോമി എഴുതി, പാടിയ ഹിറ്റായ ‘ക്വീൻ ഓഫ് ദ് നൈറ്റ്’ പാട്ടിന്റെ തരംഗം കെട്ടടങ്ങുന്നതിനു മുൻപാണ് മറ്റൊരു ആഹ്ലാദ മുഹൂർത്തം തേടിയെത്തുന്നത്.
മികച്ച പിന്നണി ഗായികയ്ക്ക് ഉള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ സേബ മുംബൈയിലാണ്. ലൈവ് എന്ന പേരിൽ സ്വന്തം മ്യൂസിക് ബാൻഡിന്റെ തിരക്കിലാണ്.
കോട്ടയം കഞ്ഞിക്കുഴിയിലെ വലിയപറമ്പിൽ വീട്ടിലേക്ക് ഇന്നലെ വൈകിട്ട് മുതൽ ആരാധകർ വിളിക്കുന്നുണ്ട്.
മകളുടെ നേട്ടത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് അച്ഛനും അമ്മയും– ടോമി ജോസഫും റെനിയും.പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗോപി സുന്ദറിന്റെ സംഗീതത്തിൽ കോറസ് പാടിയാണു സിനിമയിലേക്കെത്തിയത്. പൂക്കാലം, ഓഫിസർ ഓൺ ഡ്യൂട്ടി, കൽക്കി, ഗരുഡൻ എന്നീ സിനിമകൾക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുണ്ട്.2016 ലാണ് സേബ ടോമി ലൈവ് എന്ന പേരിൽ സ്വന്തം ബാൻഡ് രൂപീകരിച്ചത്.
ബിരുദം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മുംബൈയിൽ മുഴുവൻ സമയം സംഗീത ലോകത്താണ്.
‘ബറോസ്’ ഡബ്ബിങ്ങിന് ഭാസിയെ മോഹൻ ലാൽ വിളിച്ചു എന്തായാലും വരൂ, ശ്രമിച്ചുനോക്കൂ…
വൈക്കം ∙ ‘അയ്യോ.. എനിക്ക് ഡബ്ബിങ് ഒന്നും അറിഞ്ഞുകൂട
സാറേ..’– ബറോസ് സിനിമയിൽ ഡബ് ചെയ്യാനായി തന്നെ വിളിച്ച സംവിധായകൻ ടി.കെ.രാജീവ് കുമാറിനോട് വൈക്കം ഭാസി എന്ന ഒ.വി.രാജേഷ് ആദ്യം പറഞ്ഞത് പേടിയാണ്. ഒടുവിൽ സിനിമയുടെ സംവിധായകൻ മോഹൻലാൽ നേരിട്ടുവിളിച്ചു.
‘എന്തായാലും ഭാസി വന്ന് ഒന്നു ശ്രമിച്ച് നോക്കൂ..’ ആ ക്ഷണം സ്വീകരിച്ചെത്തി സിനിമയിലെ ‘വുഡു’ എന്ന അനിമേഷൻ കഥാപാത്രത്തിന് ഭാസി ശബ്ദം നൽകി. അങ്ങനെ സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും സ്വന്തമാക്കി.
കോമഡി സ്കിറ്റുകളിലൂടെ മലയാളിക്ക് സുപരിചിതനായ വൈക്കം ഭാസി മഴവിൽ മനോരമയിൽ ചെയ്ത സ്കിറ്റ് കണ്ടാണ് മോഹൻലാലും സംഘവും ഭാസിയെ ബറോസിലേക്ക് വിളിച്ചത്.
പലരും ചെയ്തിട്ട് ശരിയാകാതിരുന്ന ശബ്ദം ഡബ്ബിങ്ങിൽ ഒറ്റയടിക്ക് ശരിയായി. ‘ആദ്യം കുറച്ച് സീനുകൾ ഡബ്ബ് ചെയ്തു. ഡബ്ബ് ചെയ്ത സീനുകൾ മോഹൻലാലിനെ ടി.കെ.രാജീവ്കുമാർ കാണിച്ചു.
അത് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. 2022-ലെ ടെലിവിഷൻ അവാർഡിൽ മികച്ച കോമഡി താരമായിരുന്നു വൈക്കം ഭാസി. 2024-ലാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.
20 വർഷത്തിലേറെയായി ടെലിവിഷൻ, സ്റ്റേജ് പ്രോഗ്രാമുകളിൽ കോമഡി ആർട്ടിസ്റ്റാണ്.പിതാവ് : പരേതനായ വേലപ്പൻ, അമ്മ: കനകമ്മ, ഭാര്യ: ഷീജ, ഏകമകൻ: ആയുഷ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

