കോട്ടയം ∙ യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ചെല്ലന്, അത്തരം സഞ്ചാരങ്ങളിലൂടെയാണ് കാർട്ടൂണിന്റെ ആശയങ്ങളും കഥാപാത്രങ്ങളും കിട്ടിയിരുന്നത്. കൂടുതലും ബസിലായിരുന്നു യാത്ര.
കെഎസ്ആർടിസി ജീവനക്കാരനായതിനാൽ ടിക്കറ്റ് ചാർജ് കൊടുക്കാതെ ദൂരയാത്രകൾ തരപ്പെടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ലോലൻ എന്ന കഥാപാത്രത്തിലൂടെയാണ് ചെല്ലൻ ജനപ്രിയ കാർട്ടൂണിസ്റ്റാകുന്നത്.
കൊച്ചി കേന്ദ്രമായ ഒരു സ്ഥാപനം ‘ലോലൻ’ കാർട്ടൂണുകൾ അനിമേഷൻ ചിത്രമായി പുറത്തിറക്കുന്നതിന്റെ അവസാനഘട്ട പണികൾ നടത്തുന്നതിനിടെയാണു വേർപാട്.
1980ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാർട്ടൂണിലെ ‘ലോലൻ’ എന്ന കഥാപാത്രം അക്കാലത്തെ ചെറുപ്പക്കാരുടെ ഹരമായിരുന്നു.
ലോലന്റെ ബെൽബോട്ടം പാന്റ്സും വ്യത്യസ്തമായ ഹെയർ സ്റ്റൈലും അനുകരിച്ചിരുന്ന കോളജ് വിദ്യാർഥികളുണ്ട്. കോളജുകളിലെ പ്രണയ സല്ലാപക്കാർക്കു ലോലൻ എന്ന വിളിപ്പേരും വീണിരുന്നു.
സ്നേഹിതനും മാർഗദർശിയുമായിരുന്ന ‘ചെല്ലപ്പൻ’ എന്ന സുഹൃത്തിന്റെ ഓർമയിലാണു ചെല്ലൻ എന്ന തൂലികാനാമം സ്വീകരിച്ചത്. ആർട്ടിസ്റ്റ് കൂടിയായ ചെല്ലൻ 1970 മുതൽ പരസ്യ ബോർഡുകൾ വരയ്ക്കുമായിരുന്നു.
വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ പരമ്പരകളിലൂടെ അദ്ദേഹം അവതരിപ്പിച്ച പ്രേമൻ, കെ.അവറാൻ, മണ്ടൻ തോമ, വേലു തുടങ്ങിയ കഥാപാത്രങ്ങളും ജനപ്രിയങ്ങളായിരുന്നു. കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു
കോട്ടയം ∙ ‘ലോലൻ’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചു പേരെടുത്ത വടവാതൂർ പാറേപറമ്പിൽ കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്-78) അന്തരിച്ചു.
കെഎസ്ആർടിസി റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. കഞ്ഞിക്കുഴി റബർതോപ്പിൽ പൗലോസിന്റെയും മാർത്തയുടെയും 3 മക്കളിൽ ഇളയവനായി 1948ൽ ജനിച്ചു.
കാർട്ടൂൺ രചനയ്ക്കായി സ്വീകരിച്ച തൂലികാ നാമമാണ് ചെല്ലൻ. ഭാര്യ: മറിയാമ്മ.
മകൻ: സുരേഷ്.
കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്. ‘ലോലൻ’ ഒരു കാലഘട്ടത്തിൽ കേരളത്തിലെ ക്യാംപസുകളിൽ ഏറെ ചർച്ചയായിരുന്നു.
‘സാമൂഹ്യം പപ്പു ആശാൻ’ എന്ന കാർട്ടൂൺ പംക്തിയിലൂടെയായിരുന്നു ചെല്ലന്റെ തുടക്കം. കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗത്തിൽ പെയ്ന്റർ തസ്തികയിൽ 1979ൽ ജോലിയിൽ പ്രവേശിച്ചു.
ജോലിയോടൊപ്പം പ്രസിദ്ധീകരണങ്ങളിലെ വരയും തുടർന്നു. 2002ൽ വിരമിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

