ഏറ്റുമാനൂർ∙ ഉദ്ഘാടനത്തിനു മുൻപേ മാഞ്ഞൂർ പൊലീസ് സ്റ്റേഷൻ പരിധിയെച്ചൊല്ലി വിവാദം. പുതിയതായി രൂപീകരിക്കുന്ന മാഞ്ഞൂർ സ്റ്റേഷന്റെ പരിധിയിൽ നീണ്ടൂർ പഞ്ചായത്തിലെ ഓണംതുരുത്ത് പ്രദേശം ഉൾപ്പെടുത്തുമെന്ന പ്രചാരണമാണു വിവാദങ്ങൾക്ക് പിന്നിൽ.
നിലവിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓണംതുരുത്ത് ഉള്ളത്. പരിധി മാറ്റിയിട്ടില്ലെന്നു സിപിഎമ്മും മാറ്റിയതു പിൻവലിച്ചതാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും ചർച്ച കനത്തു.
ഏറ്റുമാനൂരിൽനിന്ന് മാഞ്ഞൂരിലേക്ക് പരിധി മാറിയാൽ വൈക്കം കോടതിയുടെ പരിഗണന മേഖലയിലേക്ക് ഓണംതുരുത്ത് മാറും.
ഇത് ഏറ്റുമാനൂർ ബാറിലെ അഭിഭാഷകരെയും ജീവനക്കാരെയും ബാധിക്കുമെന്നതിനാൽ ബാർ അസോസിയേഷനാണ് വിഷയം മന്ത്രി വി.എൻ.വാസവന്റെയും നീണ്ടൂർ പഞ്ചായത്തിന്റെയും ശ്രദ്ധയിൽപെടുത്തിയത്.പിന്നാലെ, ജനത്തിന് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.
ഡിസിസി ജനറൽ സെക്രട്ടറി എം.മുരളി നൽകിയ നിവേദനത്തിന് നൽകിയ മറുപടി കത്തിൽ പരിധി മാറ്റില്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചതോടെ പ്രതിഷേധം ഫലം കണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
കോൺഗ്രസ് നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാണെന്നും പരിധിമാറ്റാൻ ശ്രമം ഉണ്ടായിട്ടില്ലെന്നും സിപിഎം പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് വരുത്തുകയും പിന്നീടത് ഞങ്ങൾ ശരിയാക്കിയെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയുമാണു കോൺഗ്രസ് ചെയ്യുന്നതെന്നും സിപിഎം ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

