എരുമേലി ∙ മണ്ഡല – മകരവിളക്ക് തീർഥാടനം ആരംഭിക്കാൻ 2 ആഴ്ചകൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ സജീവം. ക്ഷേത്രത്തിലെ നവീകരണം, ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങളുടെ നവീകരണം, ശുചിമുറി സമുച്ചയങ്ങളുടെ നവീകരണം എന്നിവ പുരോഗമിക്കുകയാണ്.
ലേലങ്ങൾ മിക്കതും പൂർത്തിയായി. താൽക്കാലിക കച്ചവട
സ്ഥാപനങ്ങളുടെയും പാർക്കിങ് മൈതാനങ്ങളുടെയും നിർമാണങ്ങൾ തുടങ്ങി. അടുത്ത ആഴ്ചയോടെ തീർഥാടകർ എത്തി തുടങ്ങുമെങ്കിലും വലിയതോട് ശുചിയാക്കലും മണ്ണ് നീക്കലും അടക്കമുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
പഞ്ചായത്ത് ആണ് വലിയ തോടിന്റെ നവീകരണം നടത്തേണ്ടത്.
പാർക്കിങ് മൈതാനങ്ങളിൽ ഇന്റർലോക്ക് കട്ടകൾ
∙ദേവസ്വം ബോർഡ് പാർക്കിങ് മൈതാനങ്ങളിൽ ചെളി നിറയുന്നത് എല്ലാ വർഷവും തീർഥാടകർ നേരിട്ടിരുന്ന പ്രതിസന്ധിയാണ്. ചെളിയിലൂടെ തീർഥാടകർക്ക് നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
ഇതിനു പരിഹാരമായി ദേവസ്വം ബോർഡിന്റെ 3 മൈതാനങ്ങളിലും ആദ്യ ഘട്ടമായി ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 3 വർഷമായി നിർമാണ പ്രവർത്തനങ്ങളുടെ അടച്ചിട്ടിരുന്ന ക്ഷേത്ര നടപ്പന്തലിന്റെ ഇടത് വശത്തെ പാർക്കിങ് മൈതാനം ഇത്തവണ ദേവസ്വം ബോർഡ് തുറന്നു കൊടുക്കുകയും കടകൾ ലേലം ചെയ്യുകയും ചെയ്തു.
കെഎസ്ആർടിസി : പ്രതിസന്ധി തുടരുന്നു
∙ഇത്തവണ തീർഥാടന കാലത്ത് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ എരുമേലിയിൽ തന്നെ പ്രവർത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഈ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിയുടെതാണെന്നും 3 മാസത്തിനുള്ളിൽ ഒഴിയണം എന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ രണ്ടര മാസം പിന്നിട്ടിട്ടും നിയമ നടപടികളിൽ തീരുമാനമായിട്ടില്ല.
ഓപ്പറേറ്റിങ് സെന്റർ കെട്ടിടവും ഇവിടുത്തെ ശുചിമുറി സമുച്ചയവും അടിത്തറ തകർന്ന് ഏത് സമയവും നിലം പൊത്തുന്ന അവസ്ഥയിലാണ്.
ഇതുമൂലം ഇവിടെ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഓഫിസും ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറും മാറ്റി സ്ഥാപിക്കണമെന്നും അതിനാൽ ദേവസ്വം ബോർഡ് മുറികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
ഇതുമൂലം എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പൊൻകുന്നം ഡിപ്പോയിലേക്ക് മാറ്റാനും നീക്കമുണ്ട്. 25 ബസുകളാണ് തീർഥാടന കാലത്ത് പമ്പ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ളത്.
ശുചിമുറി സൗകര്യങ്ങൾ മെച്ചപ്പെടുത്തും
∙ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം ആദ്യമായി 30 യൂറോപ്യൻ ക്ലോസറ്റുകൾ സ്ഥാപിച്ച് ദേവസ്വം ബോർഡ് പാർക്കിങ് മൈതാനത്തെ ശുചിമുറി സമുച്ചയം ഇത്തവണ നവീകരിച്ചു.
ഇവിടെ തന്നെ തീർഥാടകർക്ക് ബ്രഷ് ചെയ്യുന്നതിനുള്ള വിപുലമായ വാഷ് റൂം സൗകര്യം സജ്ജമാക്കി. ശുചിമുറി സമുച്ചയത്തിനു മുകളിൽ 120 തീർഥാടകർക്ക് ഒരേ സമയം കുളിക്കാൻ കഴിയുന്ന വിധമുള്ളതും ചുറ്റും മറച്ചതുമായ ഷവർ ബാത്ത് സൗകര്യം സജ്ജമാക്കി.
ഇവിടെ പുതിയ ശുദ്ധജല ടാങ്കും സ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

