കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13 കാരിയെ കേരള പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം അഥവാ ഓഗസ്റ്റ് 13ന് വൈകിട്ട് ആറു മണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും പ്രാഥമികമായി യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല. തുടർന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്.
ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പോലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി മാറി. ഇതിനുപിന്നാലെ ജില്ലാ പൊലീസ് മേധാവി കെ.എസ്.
സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി.
ഒഡിഷയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. എന്നാൽ പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്നും ബഞ്ചനഗർ പൊലീസ് മുന്നറിയിപ്പ് നൽകി.
തുടർന്ന് സാഹചര്യം വിലയിരുത്തി അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ സംഘം തീരുമാനിക്കുകയായിരുന്നു. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു.
കുറുപ്പംപടിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനും സുരക്ഷയ്ക്കായി ഔദ്യോഗികമായി ആയുധങ്ങൾ നൽകിയിരുന്നു. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തിയിട്ടു.
തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ കാൽനടയായി പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുക എന്നത് തികച്ചും ദുഷ്കരമായിരുന്നു.
ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം ആ വീട് പൂർണ്ണമായും വളയുകയായിരുന്നു. ഇതിനിടെ സമീപ വീടുകളിലുള്ളവർ ഉണർന്നു ബഹളമുണ്ടാക്കി.
തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും വിജയകരമായി കണ്ടെത്തിയത്. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയ അന്വേഷണ സംഘം പെൺകുട്ടിയുമായി സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങിയെത്തി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സിപിഒ മാരായ എൻ.പി ബിന്ദു, അരുൺ കെ.
കരുണൻ, രജിത് രാം എന്നിവരാണ് ഈ നിർണ്ണായക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

