കോട്ടയം ∙ തകർന്ന മിനി സിവിൽ സ്റ്റേഷൻ – യൂണിയൻ ക്ലബ് റോഡ് എത്രയും വേഗം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. നഗരസഭയുടെ നേതൃത്വത്തിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ രണ്ടാഴ്ച മുൻപേ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി റോഡിൽ ടാർ ചെയ്യുന്നതിന് ആവശ്യമായ മെറ്റലും മറ്റു നിർമാണ സാമഗ്രികളും എത്തിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അധികൃതർ റോഡ് പണി താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.
ദിവസവും ഏറെപ്പേർ ഉപയോഗിക്കുന്ന വഴിയാണ് തകർന്നത്.
ടാറിങ് ജോലികൾ നടത്തുന്നതിനു മുന്നോടിയായി നാട്ടുകാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത വിധം റോഡിൽ മെറ്റൽ ഇറക്കിയത് പ്രതിഷേധത്തിനു കാരണമായിരുന്നു. പിന്നീട് ഇരുചക്ര വാഹനങ്ങൾക്കു കടന്നുപോകുന്നതിനായി കുറച്ചു ഭാഗത്തെ മെറ്റൽ നാട്ടുകാർ ഇടപെട്ട് മാറ്റി.
മെറ്റലും മറ്റു നിർമാണ വസ്തുക്കളും എത്തിച്ചിട്ടും റോഡ് പണി ആരംഭിക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിലാണ്.
ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കൂടാതെ പ്രദേശത്ത് തെരുവ് നായകളുടെ ശല്യവും രൂക്ഷമാണെന്നു പ്രദേശവാസിയായ കെവിൻ മാത്യു റോയ് പറഞ്ഞു.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലാണ് റോഡ് പണി വൈകിയതെന്നു വാർഡ് കൗൺസിലർ ജയകൃഷ്ണൻ പറഞ്ഞു. വരും ദിവസങ്ങളിൽ തന്നെ റോഡ് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

