കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാടകീയ സംഭവങ്ങൾ. കാലിക്കറ്റ് പെഡ്ലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനം നൽകുന്നതിൽ നിന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പിന്മാറിയത്.
ചടങ്ങിനിടെ ഒരു കുട്ടിയുടെ രക്ഷിതാവ് വേദിയിലെത്തി ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകരുതെന്ന് പരസ്യമായി ആവശ്യപ്പെടുകയായിരുന്നു. “സാർ കൊടുക്കേണ്ട.
കൊലയാളി വേണ്ട. കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ കൊടുക്കേണ്ട.
എന്റെ മോൾക്ക് വേറെ ആരെങ്കിലും സമ്മാനം കൊടുത്താൽ മതി” എന്നാണ് ഈ രക്ഷിതാവ് വിളിച്ചുപറഞ്ഞത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ അദ്ദേഹം സമ്മാനദാന ചടങ്ങിൽനിന്ന് പിന്മാറാൻ നിർബന്ധിതനാവുകയായിരുന്നു.
തുടർന്ന് സബ് കലക്ടർ ഗൗതം രാജ് ആണ് കുട്ടികൾക്കുള്ള സമ്മാനദാനം നിർവഹിച്ചത്. കോഴിക്കോട് ചെറൂട്ടി നഗർ സ്വിമ്മിങ് പൂളിൽ വെച്ചായിരുന്നു കിഡ്സ് സ്വിമ്മത്തോൺ മത്സരം നടന്നത്.
സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന കാലിക്കറ്റ് ട്രയാത്ലോൺ മത്സരത്തിൽ പങ്കെടുക്കാനായാണ് ശ്രീറാം വെങ്കിട്ടരാമൻ കോഴിക്കോട്ടെത്തിയത്. ഇതിന്റെ ഭാഗമായി സ്വിമ്മിങ് മത്സരത്തിന്റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടത്.
ഈ കേസിൽ ശ്രീറാം വെങ്കിട്ടരാമനാണ് പ്രതി. നിലവിൽ ഈ കേസിന്റെ വിചാരണ നടപടികൾ പുരോഗമിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

