ചങ്ങനാശേരി ∙ കേരളം കാണാനെത്തിയ ജർമൻ വ്ലോഗറുടെ വിഡിയോയിൽ ചന്തമില്ലാതെ നാട്. മാലിന്യം നിറഞ്ഞ ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡും മൂന്നാറിലേക്ക് പോകാൻ ബസ് തേടിയുമുള്ള അലച്ചിലുമാണ് വിഡിയോയിൽ.
വ്ലോഗർക്കു നേരിട്ട ബുദ്ധിമുട്ടിൽ ക്ഷമാപണവുമായി ഒട്ടേറെ മലയാളികളാണ് കമന്റ് ബോക്സിൽ എത്തിയത്.
ജർമനിയിൽ നിന്നെത്തിയ അലക്സാണ്ടർ വെൽഡർ ആണ് വ്ലോഗർ. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
വിഡിയോയിൽ ഒരിടത്തും ചങ്ങനാശേരിയെ അലക്സാണ്ടർ കുറ്റപ്പെടുത്തുന്നില്ലെന്നതാണ് ആശ്വാസം.
വിദേശ വ്ലോഗർക്കു മുൻപിൽ നാടിനെ ഇങ്ങനെ അവതരിപ്പിച്ചതിന് കമന്റ് ബോക്സിൽ ചങ്ങനാശേരി നഗരസഭയോടു കഠിനമായി പരിഭവിക്കുന്നവരും കുറവല്ല. നാട്ടിലെ മാലിന്യപ്രശ്നവും വ്യക്തമായി ബസ് കാട്ടിക്കൊടുക്കാൻ കെഎസ്ആർടിസി അധികൃതർക്കു കഴിയാതെ പോയതും ചർച്ചയാകുന്നുണ്ട്.
കേരളത്തിന്റെ മുഴുവൻ പ്രശ്നമായാണ് മലയാളികൾ ഈ വിഷയം ഏറ്റെടുത്തത്. ‘വേസ്റ്റ് ഇട്ടത് ലോകം മുഴുവൻ കാണുന്നുണ്ട് കേട്ടോ മലയാളികളേ’, ‘ലോകം മുഴുവൻ കണ്ടു, കേരളത്തിന്റെ വൃത്തിയും വെടിപ്പും’ ‘ചങ്ങനാശേരി നഗരസഭയ്ക്ക് വേറെ വല്ല പണിക്കും പൊയ്ക്കൂടെ’ ‘മറ്റു നഗരസഭകളിലും ഇതാണു സ്ഥിതി’ എന്നിങ്ങനെയാണ് കമന്റുകൾ.
ഇതുവരെ 7 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.
അലക്സാണ്ടറുടെ ഇൻസ്റ്റ അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോകളിൽ ഒന്നാണിത്.മൂന്നാറിലേക്ക് പോകാൻ ബസ് തേടിയാണ് ചങ്ങനാശേരി സ്റ്റാൻഡിൽ അലക്സാണ്ടർ എത്തിയത്.
പരിസരത്ത് എംസി റോഡരികിലായി മാലിന്യം കൂട്ടിയിട്ടിരുന്നു. അന്വേഷണ കൗണ്ടറിൽ ബസിന്റെ വിവരങ്ങൾ ചോദിച്ചെങ്കിലും ജീവനക്കാർ കൃത്യമായ മറുപടി നൽകുന്നില്ല.
കാത്തിരിപ്പുകേന്ദ്രത്തിലെ പലരോടും ബസിന്റെ വിവരങ്ങൾ തേടുകയാണ്.
കെഎസ്ആർടിസി ബസിലെ സ്ഥലപ്പേരുകൾ മലയാളത്തിൽ മാത്രം എഴുതിയിരിക്കുന്നതും അലക്സാണ്ടറിനെ കുഴപ്പത്തിലാക്കി. അവസാനം ശരിയായ ബസിലേക്ക് ഒരാൾ വഴി കാട്ടി.
എന്നാൽ കേരളത്തിലെ ആളുകൾ നല്ല സൗഹാർദമുള്ളവരാണെന്നും സഹായമനസ്സ് ഉള്ളവരാണെന്നുമാണ് ബസിൽ കയറിയശേഷം അലക്സാണ്ടർ പറഞ്ഞത്. മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിനും പി.എ.മുഹമ്മദ് റിയാസിനും പലരും ഈ വിഡിയോ ടാഗ് ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര അലക്സാണ്ടർ സമൂഹ മാധ്യമത്തിലൂടെ വിവരിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

