കൊല്ലം∙ വിനോദസഞ്ചാര സീസൺ പകുതി പിന്നിടുമ്പോഴും പ്രതീക്ഷിച്ച ഉണർവില്ലാതെ ജില്ലയിലെ ഹൗസ് ബോട്ട് ടൂറിസം. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടാകാത്തതു ബോട്ട് ഉടമകളെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
കഴിഞ്ഞ വർഷം നവംബർ മുതൽ ജനുവരി വരെ ഇടവേളകളില്ലാതെ സഞ്ചാരികളെത്തിയിരുന്നിടത്തു വിദേശികളുടെ വരവ് നന്നേ കുറഞ്ഞു.
ഇത്തവണ കായലിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും സ്വദേശികളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഷ്ടമുടിക്കായലിലെ മലിനീകരണവുമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമായി ബോട്ട് ഉടമകളടക്കം ചൂണ്ടിക്കാണിക്കുന്നത്.
പാർക്കിങ് സൗകര്യമില്ല..
ഹൗസ്ബോട്ട് ബുക്കിങ്ങിനെത്തുന്നവർക്കും മറ്റും മറീന ബോട്ട് ജെട്ടിക്കു സമീപം വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതു വലിയ പോരായ്മയാണ്. ഏറെ ദൂരം മുന്നിലായി വാഹനം പാർക്ക് ചെയ്തതിനു ശേഷം നടന്നാണ് വിനോദസഞ്ചാരികൾ ബോട്ടിങ്ങിനെത്തുന്നത്.
നോ പാർക്കിങ് ഏരിയയാണെന്ന് അറിയാതെ വാഹനം നിർത്തി എൻക്വയറിക്കെത്തുന്നവർക്കു പിഴ അടയ്ക്കേണ്ട സ്ഥിതിയുമുണ്ട്.
കൊല്ലത്ത് ആകെ ചെറുതും വലുതുമായ 25 ഹൗസ്ബോട്ടുകളാണുള്ളത്.
എന്നാൽ ഇവ അടുപ്പിക്കാൻ 12 ബോട്ട് ജെട്ടികൾ മാത്രമാണുള്ളത്. ബാക്കിയുള്ളവ കായലിന്റെ പലഭാഗങ്ങളിലായാണ് അടുപ്പിച്ചിരിക്കുന്നത്.
ബോട്ട് അടുപ്പിക്കുന്നതിനു കൂടുതൽ സൗകര്യം ആവശ്യമാണെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ഉടമകൾ പറയുന്നത്.
മലിനീകരണം ഉപജീവനത്തെ ബാധിക്കുമ്പോൾ…
അഷ്ടമുടിക്കായലിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നവർ മാലിന്യത്തിന്റെ ദുർഗന്ധത്താൽ വലയുകയാണ്. കായലിന്റെ ഓളങ്ങളോടൊപ്പം ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഡെഡ് എൻഡ് ആയ ബോട്ട് ജെട്ടിയിൽ കെട്ടിക്കിടക്കുന്നു.
കംഫർട്ട് സ്റ്റേഷനിലെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെയും മാലിന്യം തള്ളുന്ന ഔട്ട്ലെറ്റുകളുടെ ഓപ്പണിങ്ങും അഷ്ടമുടിക്കായലിലേക്കാണ്. ‘മാസങ്ങൾക്കു മുൻപ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഇറങ്ങിയാണ് കായൽ ശുചീകരിച്ചത്.
അന്ന് വിദ്യാർഥികൾ ശേഖരിച്ച മാലിന്യം പോലും വളരെ വൈകിയാണ് എടുത്തുകൊണ്ടുപോയത്.
കോർപറേഷന്റെ ഭാഗത്തു നിന്നു മാലിന്യനീക്കത്തിന് നടപടിയുണ്ടാകുന്നില്ല’– ബോട്ട് ഉടമകളിലൊരാൾ പറയുന്നു. വിദേശികളായ വിനോദസഞ്ചാരികളെ കായലിന്റെ മറുവശത്തു തേവള്ളിയിൽ എത്തിച്ചാണ് ബോട്ടിങ്ങിനു കൊണ്ടുപോകുന്നത്.
70 ടൺ മാലിന്യം കായലിൽ നിന്നു നീക്കം ചെയ്തെന്ന് അധികൃതർ പറയുമ്പോഴും അഷ്ടമുടിയിലെ മാലിന്യത്തിനു കുറവില്ല. ഏഴ് കോടിയിലധികം രൂപ ചെലവാക്കി ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന പദ്ധതി കോർപറേഷൻ നടപ്പാക്കിയെങ്കിലും സമ്പൂർണമാലിന്യമുക്ത അഷ്ടമുടി ഇനിയുമകലെയാണ്.
ശുദ്ധജലക്ഷാമം
ബോട്ടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ വെള്ളമില്ലാത്തത് വെല്ലുവിളിയാണ്. ടാങ്കുകളിൽ നിറയ്ക്കുന്നതിനായി വെള്ളം പുറത്തു നിന്നു വില കൊടുത്തു വാങ്ങേണ്ട
സ്ഥിതിയാണ്. പലപ്പോഴും ഇത് സാമ്പത്തിക ലാഭം ഇല്ലാതാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

