പാലോട്∙മങ്കയത്തിന്റെ മനോഹാരിതയിലേക്ക് പുതുവർഷം മാടിവിളിക്കുന്നു. ക്രിസ്മസ് അവധിക്കാലം ആയതോടെ പെരിങ്ങമ്മല മങ്കയം എക്കോ ടൂറിസത്തിലേക്ക് ആസ്വാദകരുടെ തിരക്കുണ്ട്.
പുതുവർഷ ആഘോഷത്തിനും സഞ്ചാരികൾ കൂടുതലായി എത്തുമെന്ന് കരുതുന്നു. പശ്ചിമഘട്ടത്തിന്റെ ഹരിതഭംഗിയിൽ സ്ഥിതിചെയ്യുന്ന ഇടിഞ്ഞാർ മങ്കയം എക്കോ ടൂറിസത്തിൽ വേനൽക്കാലമായിട്ടും വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയുണ്ട്.
ബ്രൈമൂർ മലയടിവാരത്തിൽ നിന്ന് ആരംഭിച്ചു പതഞ്ഞു പൊന്തി ഒഴുകിയെത്തുന്ന കാട്ടരുവികൾ തീർക്കുന്ന വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളാണ് ഇവിടത്തെ ഏറെ ആകർഷകം.
ഇതിൽ മൂന്ന് അരുവികൾ സംഗമിച്ചു പാറയിൽ നിന്ന് താഴേക്കു പതിക്കുന്ന കാളക്കയം, കുരിശടി വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് ഏറെ ആകർഷകം. മഴക്കാലത്ത് പാലരുവിയായി കനത്ത വെള്ളച്ചാട്ടം സമ്മാനിക്കുന്ന ഇവിടെ വേനൽക്കാലത്ത് അത് നൂൽപ്പുഴകാളായി മാറിയും മനോഹാരിത സമ്മാനിക്കുന്നു.
ജൈവവൈവിധ്യമുള്ള നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട
ഈ ടൂറിസം മേഖല കാനന ഭംഗിക്കു പുറമേ ട്രക്കിങ്ങിനും ക്യാംപിങ്ങിനും അനുയോജ്യമാണ്. കുളിർമയേകുന്ന കാലാവസ്ഥ സമ്മാനിക്കുന്ന അനുഭൂതി വേറെ. വനം വകുപ്പിന്റെ കീഴിലുള്ളതാണ് ഈ ടൂറിസം. സുരക്ഷ മാർഗങ്ങൾ ഒരുക്കിയിരിക്കുന്നതും ഗൈഡുകളുടെ മേൽനോട്ടമുള്ളതിനാലും അപകട
രഹിതമായ ഇടമാണ് മങ്കയം എക്കോ ടൂറിസം. പാലോട് നിന്ന് പെരിങ്ങമ്മല, ഇടിഞ്ഞാർ വഴി 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ടൂറിസം കേന്ദ്രത്തിൽ എത്താം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

